2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ.
ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ നഷ്ടമാകുകയും ചെയ്തു. 147 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തപ്പോള്‍ നഗരത്തില്‍ ഉള്‍പ്പെടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. ബീജിംഗിലെ മിയുന്‍ കൗണ്ടിയില്‍ മാത്രം 300 മില്ലിമീറ്റര്‍ മഴ പെയ്തതോടെ സര്‍ക്കാര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാദൗത്യ സേനയെ വിടുകയും ചെയ്തു. ഇതിനിടയില്‍ ജൂലൈ 28 നാണ് 35 വയസ്സുകാരനും ഒരു കെട്ടിട നിര്‍മ്മാണ കമ്പനി ഉടമയുമായ വാങ് ടിയാന്യൂവിന് ഒരു കൂട്ടുകാരന്റെ വിളി വന്നത്. തന്റെ വൃദ്ധരായ മാതാപിതാക്കള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കു കയാണെ ന്നും അവരെ രക്ഷിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു സുഹൃത്തിന്റെ ആവശ്യം. വാങ് ഒട്ടും മടിച്ചില്ല കമ്പനിയുടെ ബുള്‍ഡോസറുമായി ഇറങ്ങി.
പച്ചക്കറി കച്ചവടക്കാരനായ സുഹൃത്ത് വാങ് ചോംഗിനെ പോകുന്ന വഴിക്ക് എടുത്തുകൊണ്ട് അവര്‍ ഗ്രാമത്തിലേക്ക് തിരിച്ചു. ഈ സമയത്ത് ഗ്രാമത്തില്‍ ജലനിരപ്പ് ഒരുമീറ്റര്‍ വരെ ഉയര്‍ന്നിരുന്നു. പോകുന്ന വഴിയില്‍ കണ്ണില്‍ക്കണ്ട സഹായം വേണ്ടിയിരുന്ന മുഴുവന്‍ ഗ്രാമീണരെയും വാങ് തന്റെ ബുള്‍ഡോസറില്‍ കയറ്റി രക്ഷപ്പെടുത്തി. വീടിന്റെ മുകളില്‍ കയറി നിന്നിരുന്ന പലരും ബൂള്‍ഡോസറിന്റെ ബക്കറ്റിലേക്ക് വലിഞ്ഞുകയറി. ഗ്രാമത്തിലെ നൂറിലധികം പേരെയാണ് വാങ് സാഹസീകമായി രക്ഷപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ പത്തുപേര്‍ വരെയുണ്ടായിരുന്നു.
ഗ്രാമത്തിലുള്ളവരെ രക്ഷിച്ച ശേഷം സാഹചര്യത്തിന് അനുസൃതമായി പ്രളയബാധിത പ്രദേശത്ത ഉടനീളം അഗ്നിശമനസേനാ വിഭാഗത്തിന്റെ സഹായത്തിനായും വാങ് എത്തി. കനത്ത ഒഴുക്കു കാരണം ഗ്രാമണീരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വാങ് എത്തിയത്. സമയത്ത് ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ എത്തി വാങും അദ്ദേഹത്തിന്റെ ബുള്‍ഡോസറും ചെയ്തത് വലിയ കാര്യമാണെന്നായിരുന്നു ഫയര്‍ സ്‌റ്റേഷന്‍ ചീഫ് സാംഗ് ഹുയി വ്യക്തമാക്കിയത്. തന്റെ ബുള്‍ഡോസര്‍ പലതവണ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഭയപ്പെടുന്ന അനേകം സാഹചര്യം ഉണ്ടായതായി വാങ് പറഞ്ഞു. അന്ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെ അദ്ദേഹം നിര്‍ത്താതെ ജോലി ചെയ്തു.




