Oddly News

പഠിക്കുന്നതിനിടെ ശ്വാസംമുട്ടുന്നുവെന്ന് കുട്ടി: വെറുതെ നാടകം കളിക്കല്ലെന്ന് അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ

ഹോംവർക്ക്‌ ചെയ്യുന്നതിനിടെ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന മകന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അമ്മയെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. ധൻബാദിൽ നിന്നുള്ള സലോനി അഗർവാൾ എന്ന യുവതിക്കാണ് ഇൻസ്റ്റാഗ്രാമിൽ വ്യാപക വിമർശനം നേരിടേണ്ടി വന്നത്.

സലോനി പങ്കുവെച്ച വീഡിയോയിൽ, ഹോംവർക്ക്‌ ചെയ്യുമ്പോൾ താൻ ശ്വസിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് കുട്ടി അമ്മയോട് പറയുന്നതാണ് കാണുന്നത്. എന്നാൽ അമ്മ ആകട്ടെ മകനെ ആശ്വസിപ്പിക്കുന്നതിനുപകരം, അവനെ പരിഹാസത്തോടെ ചോദ്യം ചെയ്യുകയാണ് . “കുറച്ചുമുൻപ് കളിച്ചോണ്ടിരുന്നപ്പോൾ നീ നന്നായി ശ്വസിക്കുന്നുണ്ടായിരുന്നല്ലോ”

ചോദ്യത്തിന് എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് കൊച്ചുകുട്ടി വീണ്ടും പ്രതികരിക്കുന്നു. ഹോംവർക്ക് ചെയ്യാനുള്ള മടി കാരണം കുട്ടി കള്ളം പറയുകയാണെന്നു കരുതിയ സലോനി, മകൻ വെറും “ നാടകം” കളിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏതായാലും കുട്ടിയുടെ പ്രതികരണത്തെ ഒരു തമാശയായി ചിത്രീകരിക്കാനുള്ള ശ്രമം പാളിപ്പോയെന്ന് പറയാം. കാരണം കുട്ടിയുടെ യഥാർത്ഥ മാനസികാവസ്ഥ നിസ്സാരവത്കരിച്ചതിന് സലോനിയെ നെറ്റിസൺസ് അതിരൂക്ഷമായി വിമർശിച്ചു. മകനെ ആശ്വസിപ്പിക്കുന്നതിന് പകരം സംഭവം വീഡിയോ ആക്കി പോസ്റ്റ് ചെയ്തതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവതിയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

“ഇത് നാടകം അല്ല. അവൻ ശരിക്കും ഉത്കണ്ഠ അനുഭവിക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു. മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു, “നിങ്ങളുടെ സ്വന്തം കുട്ടിയുടെ ദുർബലതയെക്കാൾ പ്രേക്ഷകരുടെ ലൈക്കിന് മുൻഗണന നൽകുമ്പോൾ, ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങൾ തോറ്റുപോയിരിക്കുന്നു” എന്നാണ്.

” ഇത് എന്ത് മോശം പേരെന്റിംഗ് ആണ്?! ഭയങ്കരം,” ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. ഒരു ഉപയോക്താവ് പറഞ്ഞു, “കുട്ടിയെ പഠിപ്പിക്കുന്ന നിങ്ങളുടെ രീതികൾ ഒന്നുടെ പരിശോധിക്കണം, ഇത് വളരെ സങ്കടകരമാണ്, എന്തിനാണ് അവനെ ഭയപ്പെടുത്തുന്നത്?”. “അവൻ യഥാർത്ഥത്തിൽ സ്നേഹമാണ് ആഗ്രഹിക്കുന്നത്. അവൻ്റെ വൈകാരിക നിമിഷം റെക്കോർഡുചെയ്യുന്നത് നിർത്തി അവനെ കെട്ടിപ്പിടിക്കുക. അവന് അത് ആവശ്യമാണ്,” മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *