Crime

കാമുകിയുടെ മകളെ വാനില്‍‌ ശ്മശാനങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് 53കാരന്റെ ക്രൂരത

സിംഗപ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 53കാരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു വർഷക്കാലത്തോളം പ്രതി കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. ഇരയുടെ മൊഴികളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് ജസ്റ്റിസ് ഐഡൻ സൂ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പീഡനവിവരം കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത് എങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല. കുട്ടിയെ ശകാരിക്കുകയും കള്ളം പറയുന്നത് നിർത്താൻ ആവശ്യപ്പെടുകയുമാണ് അമ്മ ചെയ്തത്. ഇതോടെ പ്രതി പീഡനം തുടരുകയായിരുന്നു. എന്നാൽ കുട്ടി തന്റെ മൂത്ത അർദ്ധസഹോദരിയോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് 2022 ഫെബ്രുവരിയിൽ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

അമ്മയ്ക്കും കുട്ടികൾക്കുമൊപ്പം ഒരേ ഫ്ലാറ്റിലായിരുന്നു പ്രതി താമസിച്ചിരുന്നത്. കുട്ടികൾ ഹാളിലും പ്രതിയും അമ്മയും കിടപ്പുമുറിയിലുമാണ് ഉറങ്ങിയിരുന്നത്. ഒരു രാത്രി താൻ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പർശിക്കുന്നത് അറിഞ്ഞാണ് ഉണർന്നതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി പ്രതിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഉത്തരവിട്ടു. പ്രതിക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.