ചേര്‍ത്തല: വാരനാട് സ്വദേശിനിയും റിട്ട. സര്‍ക്കാര്‍ ജീവനക്കാരിയുമായ ഐഷ കൊല്ലപ്പെട്ട കേസില്‍ പ്രതി സി.എം. സെബാസ്‌റ്റ്യനെ കോടതി പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷെറിന്‍ കെ. ജോര്‍ജാണ് തെളിവെടുപ്പിനായി പ്രതിയെ അഞ്ചുദിവസം കസ്‌റ്റഡിയില്‍ വിട്ടത്. കേസന്വേഷിക്കുന്ന ചേര്‍ത്തല പോലീസിന്റെ അപേക്ഷ പരിഗണിച്ചാണു നടപടി.
രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ പള്ളിപ്പുറം ചെങ്ങത്തറ സെബാസ്‌റ്റ്യന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ ജൂലൈ 28 ന് തെരച്ചില്‍ നടത്തിയിരുന്നു. അവിടെനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്‌ടങ്ങള്‍ ഐഷയുടേതാണെന്നു സംശയമുയര്‍ന്നതോടെയാണ് ഐഷ കേസില്‍ പോലീസ് പുനരന്വേഷണം നടത്തിയത്. തുടര്‍ന്ന് ഐഷ കൊലചെയ്യപ്പെട്ടെന്നു കണ്ടെത്തി സെബാസ്‌റ്റ്യനെ പ്രതിചേര്‍ക്കുകയായിരുന്നു.
ഐഷയുമായി സെബാസ്‌റ്റ്യന്‍ സൗഹൃദത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്‌ഥലം വാങ്ങാന്‍ ഐഷ കരുതിവച്ചിരുന്ന പണവും സ്വര്‍ണവും ഇയാള്‍ കൈക്കലാക്കുകയും അതു തിരികെ ചോദിച്ചതിലെ വിരോധം കൊല പാതകത്തിനു കാരണമാകുകയും ചെയ്‌തതായി കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഷയെ പള്ളിപ്പുറത്തെ സെബാസ്‌റ്റ്യന്റെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പ് അടക്കമുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണു പോലീസിന്റെ ശ്രമം.




