Crime

പിതാവ് മരിച്ചു, കാമുകിയെ കൊന്നു; മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ പൂശി; ഹോമിയോപ്പതി വിദഗ്ദന്‍ കുടുങ്ങി

ചെന്നൈ: വെറും നാലുമാസമായി ഒരുമിച്ചു കഴിയുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തുകയും ഒപ്പം മരിച്ച പിതാവിന്റെയും മൃതദേഹം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച ഹോമിയോ വിദഗ്ദ്ധന്‍ പിടിയിലായി. ചെന്നൈയിലെ തിരുമുള്ളൈവയലില്‍ ഒരു ഫ്‌ളാറ്റില്‍ നടന്ന സംഭവത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ഹോമിയോപ്പതി വിദഗ്ദ്ധന്‍ സാമുവല്‍ എബനേസര്‍ സമ്പത്ത് എന്ന 34 കാരനാണ് അറസ്റ്റിലായത്. രാസവസ്തുക്കളുടെ പവര്‍ കുറഞ്ഞ് മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയപ്പോള്‍ ദുര്‍ഗന്ധം പുറത്തുവരികയും വ്യാഴാഴ്ച അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

കിഡ്‌നി അസുഖം മൂലം മരിച്ച പിതാവിന്റെ മൃതദേഹത്തിനൊപ്പം തന്നെ സാമുവല്‍ കാമുകിയെയും കൊലപ്പെടുത്തുകയായിരുന്നു. കാമുകി 37 കാരി സിന്ധ്യയേയും അവരുടെ പിതാവ് സാമുവല്‍ ശങ്കര്‍ എന്ന 78 കാരനും എബനേസറും നാലുമാസമായി ഒരു വീട്ടിലായിരുന്നു താമസം. സാമുവല്‍ ശങ്കര്‍ മരിച്ചതിന് പിന്നാലെ വീട്ടില്‍ നടന്ന വഴക്കിനെ തുടര്‍ന്നാണ് സാമുവല്‍ സിന്ധ്യയെ കൊലപ്പെടുത്തിയത്. 2024 സെപ്തംബര്‍ മുതല്‍ സാമുവല്‍ എബനേസര്‍ സിന്ധ്യയ്ക്കും പിതാവിനുമൊപ്പമായിരുന്നു താമസിച്ച് വന്നത്.

സാമൂഹ്യമാധ്യമം വഴിയായിരുന്നു എബനേസറും സിന്ധ്യയും കണ്ടുമുട്ടിയത്. പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ഇരുവരും പിതാവിന്റെ ഡയാലിസിസുമായി ബന്ധപ്പെട്ട് ചികിസ്താ സൗകര്യാര്‍ത്ഥം ഇവര്‍ ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. മാസങ്ങള്‍ക്ക് മുമ്പ് സാമുവല്‍ ശങ്കര്‍ കിഡ്‌നിരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഇതിന് കാരണം എബനേസറിന്റെ കഴിവുകേടാണെന്ന് പറഞ്ഞ് സിന്ധ്യ വഴക്കുണ്ടാക്കി. ഇതിനിടയില്‍ എബനേസര്‍ വിദേശട്രിപ്പിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍ എബനേസറിനെ വിദേശത്തേക്ക് വിടില്ലെന്ന് പറഞ്ഞ് സിന്ധ്യ തടയുകയും ഇരുവരും വഴക്കാകുകയും ചെയ്തു. ഇത് തര്‍ക്കമാകുകയും അടിപിടിയാകുകയും ചെയ്തതോടെ എബനേസര്‍ സിന്ധ്യയെ പിടിച്ചു തള്ളുകയും അവര്‍ നിലത്തുവീണ് ബോധരഹിതയാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.

എബനേസര്‍ തുടര്‍ന്ന് കെട്ടിടം മുഴുവന്‍ കെമിക്കലും എയര്‍ കണ്ടീഷണറും ഒഴിച്ചു മൃതദേഹങ്ങള്‍ അഴുകുന്നത് മൂലമുള്ള ഗന്ധം പുറത്തുവരാതെ നോക്കി. അതിന് ശേഷം അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അടച്ചുപൂട്ടി. നഗരം വിടുകയും കാഞ്ചീവരത്ത് ഒരു ബന്ധുവിനൊപ്പം താമസിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കെട്ടിടത്തില്‍ നിന്നും എന്തോ ചീഞ്ഞുമണക്കുന്നതായി അനുഭവപ്പെട്ട അയല്‍ക്കാര്‍ അവിടം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് മുറിയിലെ എയര്‍ കണ്ടീഷണര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതായി അയല്‍ക്കാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വന്ന ഫ്‌ളാറ്റ് തുറന്നപ്പോള്‍ രണ്ടു അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. സാമുവല്‍ എബനേസര്‍ പിന്നീട് കാമുകിയെ കൊലപ്പെടുത്തിയതിന് കാഞ്ചീവരത്ത് നിന്നും അറസ്റ്റിലായി.