Uncategorized

കോപ്പിയടി തടഞ്ഞു; പ്രഫസറുടെ മുഖത്തടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സിസിടിവി ദൃശ്യങ്ങൾ വൈറൽ

ബംഗളുരു: കോപ്പി അടിക്കുന്നതു തടഞ്ഞതിന്റെ പേരില്‍ ഇന്‍വിജിലേറ്ററായ പ്രഫസറെ ക്രൂരമായി മര്‍ദിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളുമുണ്ടായിട്ടും വിദ്യാര്‍ഥിക്കെതിരേ പോലീസില്‍ പരാതി നല്‍കാതെ അധ്യാപകന്‍.

കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലെ ഡോ. മലകറെഡ്ഡി ഹോമിയോപ്പതിക് കോളജില്‍ നടന്ന ഇന്റേണല്‍ പരീക്ഷയിലാണ് സംഭവം. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക പരീക്ഷയ്ക്കിടെ നടന്ന സംഭവം ഹാളിലെ സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞു. ഷഹബാസ് എന്ന വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയതും അസി. പ്രൊഫസര്‍ ശിവരാജ്കുമാര്‍ മര്‍ദനം നേരിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രഫസര്‍ ഉത്തരക്കടലാസ് പിടിച്ചെടുത്ത് വിദ്യാര്‍ഥിയോട് പരീക്ഷാ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ പറഞ്ഞതും പ്രകോപിതനായ ഷഹബാസ് പ്രഫസറിന്റെ മുഖത്ത് മാറിമാറി അടിച്ചു. മറ്റ് വിദ്യാര്‍ഥികള്‍ ഉടന്‍ ഷഹബാസിനെ പിടിച്ചുമാറ്റാന്‍ ചാടിയിറങ്ങിയെങ്കിലും ഏറ്റുമുട്ടല്‍ അവിടെ അവസാനിച്ചില്ല. ഷഹബാസ് ഹാളിന്റെ പുറത്തേക്ക് നടക്കുന്നതും പ്രഫസറെ വീണ്ടും അടിക്കുന്നതും വീഡിയോയില്‍ കാണാം.

ആക്രമണത്തെത്തുടര്‍ന്നു കോളജ് ഭരണകൂടം ഷഹബാസിന്റെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ പരീക്ഷകളില്‍ നിന്നു വിലക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. സി.സി.ടിവി ദൃശ്യങ്ങള്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും, അസിസ്റ്റന്റ് പ്രഫസര്‍ ശിവരാജ്കുമാര്‍ പക്ഷേ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *