Crime

ഡല്‍ഹി സ്‌ഫോടനക്കേസ്‌ പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത്‌ മലയാളി ഡോക്‌ടറുടെ ചിത്രം

കൊച്ചി: കോഴിക്കോട്‌ സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. ആരിഫ്‌ മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച്‌ ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ (സി.എസ്‌.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു.

വലിയ മനോവിഷമവും പ്രതിസന്ധിയുമാണ്‌ ഡോക്‌ടറും കുടുംബവും നേരിടുന്നത്‌. കോഴിക്കോട്‌ മെട്രോമെഡ്‌ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക്‌ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ്‌ 2021 ലാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന്‌ കാര്‍ഡിയോളജിയില്‍ ഡി.എം. പൂര്‍ത്തിയാക്കിയത്‌.

ഡല്‍ഹിയിലെ സ്‌ഫോടനവുമായി അദ്ദേഹത്തിന്‌ യാതൊരു ബന്ധവുമില്ല. തെറ്റായ വിവരങ്ങള്‍ അശ്രദ്ധമായി പ്രസിദ്ധീകരിച്ചതു വഴി നിരപരാധിയായ ഒരു ഡോക്‌ടര്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മെഡിക്കല്‍ സമൂഹത്തിനും വലിയ മാനസിക ആഘാതമാണു വരുത്തിയത്‌. അധികാരികള്‍ അടിയന്തരമായി ഇടപെട്ടു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയണം. സി.എസ്‌.ഐ. കേരള പ്രസിഡന്റ്‌ ഡോ. പി.കെ. അശോകന്‍ പറഞ്ഞു.