ന്യൂഡൽഹി: ജോലിയിൽ നിന്ന് ഒരാളെ അകറ്റി നിർത്തുന്നതുള്‍പ്പെടെയുള്ള അവസ്ഥയിലേയ്ക്ക് എത്തിക്കുന്ന ആസക്തിയാണ് റീൽസുകൾ ഉണ്ടാക്കുന്നത്. റീൽസുകൾ ഏകാഗ്രതയെ ഇല്ലാതാക്കുകയും കുട്ടികളെയും മുതിർന്നവരെയും വയോജനങ്ങളെയും ക്ഷണികമായ സംതൃപ്തിക്ക് (instant gratification) അടിമകളാക്കുകയും ചെയ്യുന്നു.
നമുക്ക് വെറുതെ സ്ക്രോൾ ചെയ്യാനും അലക്ഷ്യമായി സ്വയം ആസ്വദിക്കാനും കഴിയും. പക്ഷേ ഇതിന്റെ ഫലം കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും സമയപരിധി അടുക്കുമ്പോൾ അതിനായി കടുത്ത സമ്മര്‍ദ്ദത്തിലും ഉത്കണ്ഠയിലും എത്തുക എന്നതുമാണ്. ഉറക്കവും ഭക്ഷണവുമൊക്കെ ഉപേക്ഷിച്ച് പലരും തിടുക്കത്തിൽ കാര്യങ്ങൾ പൂർത്തിയാക്കേണ്ടി വരുന്ന അവസ്ഥയിലെത്തും.
എന്താണ് ‘പോപ്‌കോൺ ബ്രെയിൻ’?
റീൽസ് സ്ഥിരമായി കാണുന്നവരുമായി ബന്ധപ്പെട്ടാണ് പോപ്‌കോൺ ബ്രെയിൻ എന്ന അവസ്ഥ സൂചിപ്പിക്കുന്നത്. ഇവിടെ, തലച്ചോറിന് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, റീലില്‍ പുതിയ ഉള്ളടക്കം വന്നിട്ടുണ്ടോ എന്ന് കണ്ടെത്തുവാനുള്ള ആസക്തിയില്‍ മൊബൈലില്‍ എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും. ഇത് വിശ്രമമില്ലായ്മക്കും അസ്വസ്ഥതകൾക്കും കാരണമാകുന്നു. ഓഫ്‌ലൈനിലായിരിക്കുമ്പോൾ പോലും, വിശ്രമിക്കാനും ശ്രദ്ധിക്കാനും കഴിയാത്ത പോപ്‌കോൺ ബ്രെയിനിന്റെ ലക്ഷണങ്ങൾ നമ്മുടെ പെരുമാറ്റത്തിൽ കാണിക്കുന്നു. പി.ഡി. ഹിന്ദുജ ഹോസ്പിറ്റൽ & എം.ആർ.സി., ഖാർ (P.D. Hinduja Hospital & MRC, Khar) കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആയ ശ്രീമതി ഷീന സൂദ് പറയുന്നു.
പോപ്‌കോൺ ബ്രെയിൻ ഉള്ളതുകൊണ്ട് കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ കഴിയില്ല. അതിനാല്‍ ഈ ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റൊരിക്കലേക്ക് മാറ്റിവെക്കോണ്ടിവരുന്നു. (procrastination) . ഓരോ പ്രധാന ജോലിയും അവസാന നിമിഷത്തേക്ക് മാറ്റിവെക്കുകയും, ഒരു കണ്ടന്റില്‍നിന്നും നിന്ന് മറ്റൊന്നിലേക്ക് ചാടിപ്പോകുന്ന ഡിജിറ്റൽ വിവരങ്ങളുടെ കാഴ്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.
റീൽസുകൾ, സോഷ്യൽ മീഡിയ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ അലക്ഷ്യമായ സ്ക്രോളിംഗ്, താല്‍ക്കാലിക സംതൃപ്തി തുടങ്ങിയ കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും തലച്ചോറുകളെ. ഇതാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത പോപ്‌കോൺ ബ്രെയിൻ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നത്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുടെ കേസുകൾ വർദ്ധിപ്പിക്കുകയും, ഈ ഡിജിറ്റൽ തലമുറയിൽ മുതിർന്നവരിലെ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡറുകളും (Adult Attention Deficit Disorders) അടിസ്ഥാനപരമായ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറുകളും (Basic Attention Deficit Hyperactivity Disorders) വർദ്ധിക്കുന്നതിന്റെ കാരണവും ഇതാണ്.




