വീണ്ടുമൊരു മണ്ഡലകാലം കൂടി. കഠിനമായ വ്രതാനുഷഠാനങ്ങളുടെ ദിനങ്ങള്‍. ശരീരവും മനസും ശരണംവിളികളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക് ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്‌ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അയ്യപ്പദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്‌ഠാനം മുതല്‍ മലയിറക്കംവരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
വ്രതമെടുക്കുമ്പോള്‍
പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ് ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണ വിധേയമാക്കുക. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങളുള്ളവര്‍ വ്രതമെടുക്കുംമുമ്പ് ഒരു ഡോക്‌ടറെകണ്ട് ഉപദേശം തേടുന്നത് നന്നായിരിക്കും. ചുമ, കഫക്കെട്ട് തുടങ്ങിയ അണുബാധകള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റുക. വൃശ്‌ചികത്തിന്റെ കുളിരും രാവിലെ തണുത്ത വെള്ളത്തിലുള്ള കുളിയും പ്രമേഹരോഗിക്ക് ആരോഗ്യകരമായിരിക്കില്ല. അതിനാല്‍ രോഗങ്ങള്‍ വച്ചുകൊണ്ടിരിക്കാതെ ഡോക്‌ടറെകണ്ട് മരുന്നുകള്‍ വാങ്ങുക. വ്രതമെടുക്കുമ്പോള്‍ സസ്യാഹാരം മാത്രം കഴിക്കുന്നതിനാല്‍ പ്രമേഹം കൂടാനുള്ള സാധ്യത കുറവാണ്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. വ്രതമെടുക്കുമ്പോള്‍ പ്രമേഹരോഗി 5 തവണയായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ, ഉച്ചയ്‌ക്ക്, രാത്രി, പകല്‍ 11 മണി വൈകുന്നേരം 5 മണി ഇങ്ങനെ ഭക്ഷണസമയം ക്രമീകരിക്കാം. ക്ഷീണം വരാതിരിക്കാന്‍ ഈ ഭക്ഷണക്രമം സഹായിക്കും. എല്ലാ ദിവസവും രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുക. ഉച്ചയ്‌ക്കും ഇങ്ങനെതന്നെ. അളവ് കുറച്ച് കൂടുതല്‍ തവണകളായി കഴിക്കണം. ഭക്ഷണത്തില്‍ ചിട്ട പാലിക്കുക. രാത്രി യില്‍ ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വ്രതമെടുക്കുമ്പോള്‍ വീടിന് അടുത്തുള്ള അമ്പലങ്ങളില്‍ വാഹനത്തില്‍ പോകാതെ നടന്നുപോകുക. അപ്പോള്‍ ശരീരത്തിന് വ്യായാമവുമാകും
യാത്രക്കൊരുങ്ങുമ്പോള്‍
ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കൂടുതല്‍ അളവില്‍ കൈയില്‍ കരുതണം. എന്തെങ്കിലും കാരണവശാല്‍ യാത്ര നീളുകയാണെങ്കില്‍ അത് ഉപകരിക്കും. വ്രതത്തെ തുടര്‍ന്നുള്ള ദിവസങ്ങള്‍ യാത്രയുടേതാണ്. പലക്ഷേത്രങ്ങള്‍ വഴിയായിരിക്കും ശബരിമലയില്‍ എത്തുക. അതിനാല്‍ പ്രമേഹരോഗികള്‍ ഇന്‍സുലിനും സിറിഞ്ചും ആവശ്യത്തിനെടുക്കണം. മരുന്നുകളുടെ കാലാവധികഴിഞ്ഞതല്ലെന്ന് ഉറപ്പു വരുത്തണം. ഇന്‍സുലിന്‍ 5 ഡിഗ്രിയില്‍ താഴെയും 35 ഡിഗ്രിയ്‌ക്കുമുകളിലുമുള്ള താപനിലയില്‍ വയ്‌ക്കരുത്. അതിനാല്‍ യാത്രയില്‍ ജെല്‍പാക്ക് ഉപയോഗിച്ചു താപനില നിലനിര്‍ത്താം. ജെല്‍പാക്ക് മെഡിക്കല്‍ഷോപ്പില്‍ ലഭ്യമാണ്. പ്രമേഹനിരക്ക് അറിയുന്നതിന് ഗ്ലൂക്കോമീറ്റര്‍ കരുതുക.
മലകയറുമ്പോള്‍
ശബരിമലയില്‍നിന്നും മറ്റു അമ്പലങ്ങളില്‍നിന്നും കിട്ടുന്ന മധുരപ്രസാദങ്ങള്‍ പ്രമേഹരോഗിക്ക് കഴിക്കാം . എന്നാല്‍ ഇത് അമിതമായാല്‍ പ്രമേഹനിരക്ക് കൂടും. പ്രസാദം പ്രസാദമായി കഴിക്കുക. മധുരപലഹാരങ്ങള്‍ പാടേ ഒഴിവാക്കുക. പഴവര്‍ഗങ്ങള്‍ അമിതമായി കഴിക്കരുത്. ഇടനേരങ്ങളില്‍ ഒരെണ്ണം കഴിക്കുക. 75 ഗ്രാം ഒരു ദിവസം കഴിക്കാം. മലകയറുമ്പോള്‍ പഴകിയ ചെരുപ്പ് ഉപയോഗിക്കുക. പുതിയ ചെരുപ്പ് ഉപയോഗിക്കുന്നത് മുറിവുകള്‍ക്കു കാരണമാവാം. ചെരുപ്പ് ഊരിയിടണമെന്ന് നിര്‍ബന്ധമുള്ളിടത്ത് മാത്രം ഒഴിവാക്കുക. മറ്റ് സമയമെല്ലാം നിര്‍ബന്ധമായും ചെരുപ്പിടുക. നടത്തം കാലില്‍ മുറിവുകള്‍ ഉണ്ടാക്കാം. അതിനാല്‍ രാവിലെയും വൈകിട്ടും പാദങ്ങള്‍ പരിശോധിക്കുക. വിയര്‍പ്പോ വെള്ളമോ മൂലം പാദത്തില്‍ നനവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്‌ക്കുക. മലകയറുമ്പോള്‍ കാല്‍പാദത്തില്‍ വിയര്‍പ്പ്‌കൂടാം. അപ്പോള്‍ കോട്ടണ്‍സോക്‌സ് ഇടുന്നത് നന്നായിരിക്കും. രണ്ടു ജോഡി സോക്‌സ് കൂടുതല്‍ എടുക്കണം. ഡോക്‌ടറുറെ കൈയില്‍നിന്ന് നിങ്ങളുടെ രോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിവരങ്ങള്‍ എഴുതിവാങ്ങി കൈയില്‍ കരുതുക. പ്രമേഹരോഗി കൂട്ടംതെറ്റിപോകുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്‌താല്‍ പരിചയമില്ലാത്തവര്‍ക്ക് കരുതലുകള്‍ എടുക്കാന്‍ ഇത് സഹായിക്കും.
ഇപ്പോള്‍ കഴിക്കുന്ന മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷന്‍ കരുതുക. . പെട്ടെന്ന് കുഴഞ്ഞുപോയാല്‍ മറ്റുള്ളവര്‍ക്കു കാര്യങ്ങള്‍ മനസിലാക്കാന്‍പേരുവിവരവും ഫോണ്‍നമ്പറും ഡോക്‌ടറുടെ ഫോണ്‍നമ്പറും ഉള്‍പ്പെട്ട ഒരു കുറിപ്പ് കരുതുക. വ്രതമെടുക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പ്രമേഹ നിരക്ക് കുറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഗ്ലൂക്കോസ്‌പൊടി, പഞ്ചസാരമിഠായി ഇവ കൈയില്‍ വയ്‌ക്കുക. ഇവ വേഗം ദഹിച്ച് ഉന്‌മേഷം നല്‍കും. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ബിസ്‌കറ്റ്, ലഡു , പഴം ഇവയും കരുതാവുന്നതാണ്. ബോധക്ഷയം സംഭവിച്ചാല്‍ രോഗിയ്‌ക്ക് വായില്‍ മധുരം നല്‍കരുത്. ഇറക്കാന്‍ കഴിയില്ല. ഉടന്‍ വൈദ്യസഹായം തേടുക.
പ്രമേഹരോഗി സംസാരിക്കാന്‍ ബുദ്ധിമുട്ട്, പിച്ചുംപേയും പറയുക, പെട്ടെന്നു ദേഷ്യംവരിക ഇങ്ങനെ അസ്വാഭാവികമായി പ്രവര്‍ത്തിച്ചാല്‍ പ്രമേഹം കുറഞ്ഞെന്ന് മറ്റുള്ളവര്‍ക്കു മനസിലാക്കാം. മരുന്നുപെട്ടി യാത്ര ചെയ്യുന്ന വാഹനത്തിന്റെ മുകളില്‍ വയ്‌ക്കരുത്. കാറ്റും വെയിലുംകൊണ്ട് മരുന്നിന്റെ ഗുണം കുറയാം. അതിനാല്‍ കൈവശം വയ്‌ക്കുന്ന ബാഗില്‍വേണം മരുന്ന് സൂക്ഷിക്കാന്‍. മരുന്നിന്റെ അളവ് യാത്രപോകുമ്പോള്‍ 25 ശതമാനത്തോളം കുറയ്‌ക്കുന്നതുകൊണ്ടു കുഴപ്പമില്ല. യാത്ര ചെയ്യുമ്പോള്‍ ശരിയായ സമയത്ത് ഭക്ഷണം കിട്ടുമോയെന്ന് പറയാനാവില്ലല്ലോ. ഇന്‍സുലിന്റെ അളവും കുറയ്‌ക്കാം. ഭക്ഷണം കഴിക്കാന്‍ വൈകുന്നത് ക്ഷീണത്തിനു കാരണമാവാം. അതിനാല്‍ എന്തെങ്കിലും ലഘുഭക്ഷണം കൈയില്‍ കരുതുക. ബിസ്‌ക്കറ്റ്, ബ്രെഡ്, ഡ്രൈഫ്രൂട്ടസ്, മധുരമില്ലാത്ത ഈന്തപ്പഴം എന്നിവയെല്ലാം ഇടനേരങ്ങളില്‍ ലഘുവായി കഴിക്കാവുന്നതാണ്.
യാത്ര ഒറ്റയ്‌ക്കുപോകാതെ കൂട്ടുകാരുമായി പോകുക. യാത്രാവേളയില്‍ ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടുക. മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതാന്‍ മറക്കരുത്. തിരികേ പുറപ്പെടുന്ന സമയം എവിടെയെല്ലാം പോകുന്നു ഏത് സമത്ത്‌വരും തുടങ്ങിയ വിവരങ്ങള്‍ വീട്ടുകാരെയോ സുഹൃത്തുക്കളെയോ സമയാസമയങ്ങളില്‍ വിളിച്ചു പറയുക. മല കയറുമ്പോള്‍ തുടര്‍ച്ചയായി മത്സരിച്ചു കയറാതെ. വിശ്രമിച്ചു കയറുക.
ചെരിപ്പിടാതെ മലകയറരുത്
പിന്നില്‍കെട്ടുള്ള ചെരുപ്പാണ് കൂടുതല്‍ നല്ലത്. മലകയറുമ്പോള്‍ കൂടുതല്‍ ബലം കിട്ടാന്‍ ഇത് സഹായിക്കും മലകയറുമ്പോള്‍ ഭക്ഷണം കൃത്യമായി കഴിക്കുക. ഈ സമയത്ത് മരുന്നിന്റെ അളവ് കുറയ്‌ക്കാം. ഒരു ഗുളിക കഴിക്കുന്നയാള്‍ അരഗുളികയാക്കാം. മലകയറുമ്പോള്‍ ശരീരത്തിന് കൂടുതല്‍ വ്യായാമം കിട്ടുന്നു. അതിനാല്‍ പ്രമേഹം കൂടില്ല.
പകല്‍ സമയത്ത് മലകയറുക. പരസ്‌പരം അറിയാവുന്നവര്‍ ചേര്‍ന്ന് മലകയറുന്നതാണ് നല്ലത്. മെഡിക്കല്‍ സൗകര്യങ്ങള്‍ മലകയറുമ്പോള്‍ ലഭ്യമാണെന്നതിനാല്‍ ടെന്‍ഷന്റെ ആവശ്യമില്ല. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് പ്രമേഹനിരക്ക് ഇടയ്‌ക്കിടെ നോക്കുക. ക്ഷീണം തോന്നിയാല്‍ ഉടന്‍വിശ്രമിക്കുക. അപ്പോള്‍ മലകയറാന്‍ ശ്രമിക്കരുത്. മടങ്ങിവരുമ്പോള്‍ പതുക്കെ മല ഇറങ്ങുക. വീണ്‌പരുക്കുപറ്റാതെ ശ്രദ്ധിക്കണം. യാത്രയില്‍ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുമ്പോഴും കരുതല്‍ വേണം. പൊറോട്ട, പൂരി, ബജി ഇവയ്‌ക്കു പകരം ദോശ, ഇഡലി, ചപ്പാത്തി, കടലക്കറി,ചെറുപയര്‍കയറി ഇവ കഴിച്ചാല്‍ സമീകൃതാഹാരമായി. ഭക്ഷണ വിഭവങ്ങളില്‍ പരീക്ഷണത്തിനു മുതിരാതെ നാടന്‍ ഭക്ഷണം കൂടുതല്‍ കഴിക്കുക. വൃത്തിയുള്ള സ്‌ഥലങ്ങളില്‍നിന്നു ആഹാരം കഴിക്കുക. കുടിയ്‌ക്കാന്‍ തെളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതുക.