സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ധീരമായ ഈ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തുള്ള കാറുകളുടെ മറവിൽ നിന്നയാളാണ് ധീരമായി ഇടപെട്ടത്. കയ്യിൽ ഒരു ആയുധം പോലും ഇല്ലാതെ ഇയാൾ തോക്കുമായി നിൽക്കുന്നയാളുടെ നേരെ ഓടിയടുത്തു. ചുറ്റിപ്പിടിച്ച് കീഴ്‍പ്പെടുത്തി തോക്ക് പിടിച്ചുമാറ്റി. അപ്പോഴേക്കും സഹായത്തിനായി മറ്റു ചിലരും ഓടിയെത്തുന്നുണ്ട്.
‘യഥാർഥ ഹീറോ’ എന്നാണ് ഭീകരനെ കീഴ്പ്പെടുത്തിയയാളെ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ മിൻസ് വിശേഷിപ്പിച്ചത്. ‘‘സ്വന്തം ജീവൻ പോലും പരിഗണിക്കാതെയാണ് അദ്ദേഹം എത്രയോ പേരെ രക്ഷിച്ചത്. ആ ധീരത കാരണമാണ് എത്രയോ ആളുകൾ ഈ നിമിഷവും ജീവനോടെയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ദൃശ്യങ്ങളാണത്’’ –ക്രിസ്റ്റഫർ മിൻസ് പറഞ്ഞു.
ജൂത ആഘോഷമായ ഹനൂക്കയുടെ ആദ്യ ദിവസം വൈകീട്ട് 6.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ അക്രമികളിലൊരാൾ കൊല്ലപ്പെടുകയും രണ്ടാമത്തെയാൾക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജൂതരുടെ നേർക്കുള്ള ആക്രമണമാണെന്നാണ് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കിയത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.




