Crime

കുഞ്ഞിനെ ദുപ്പട്ട ധരിപ്പിച്ചു, കണ്ണെഴുതി, സ്വര്‍ണമണിയിച്ചു; പിന്നെ കുടുംബത്തിലെ നാലുപേരും ആത്മഹത്യ ചെയ്‌തു

കവിത തന്റെ ഇളയ മകന്‍ രാംദേവിനെ സ്‌ത്രീകളുടെ വസ്‌ത്രം ധരിപ്പിച്ച്, തലയില്‍ ഒരു ദുപ്പട്ട ധരിപ്പിച്ചു. അവന്റെ കണ്ണുകളില്‍ കണ്‍മഷി പുരട്ടി. സ്വന്തം സ്വര്‍ണാഭരണങ്ങള്‍ അവനെ ധരിപ്പിച്ച്‌ അമ്മയും മകനുമൊരുമിച്ചുള്ള സന്തോഷത്തോടെയുള്ള വീഡിയോ എടുത്തു. പിന്നാലെ കുടുംബം ജീവനൊടുക്കിയ ദുരന്ത വാര്‍ത്തയാണ്‌ നാട്ടുകാര്‍ അറിഞ്ഞത്‌.

രാജസ്‌ഥാനിലെ ബാര്‍മറിലെ വീടിനടുത്തുള്ള ജലസംഭരണിയിലേക്ക്‌ ചാടിയാണു ശിവ്‌ലാല്‍ മേഘ്‌വാള്‍ (35), ഭാര്യ കവിത (32), ബജ്‌റംഗ്‌ (9), രാംദേവ്‌ (8) എന്നിവര്‍ മരിച്ചത്‌. ആത്മഹത്യാക്കുറിപ്പ്‌ വീട്ടില്‍നിന്ന്‌ കണ്ടെടുത്തു. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ സംഭവം. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ ദമ്പതികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ടാങ്കില്‍നിന്ന്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.

ശിവ്‌ലാലിന്റെ ഇളയ സഹോദരന്‌ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന്‌ കുടുംബത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ അയല്‍ക്കാരനെ അയച്ചതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തുവന്നതെന്ന്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ മനറാം ഗാര്‍ഗ്‌ പറഞ്ഞു.ശിവ്‌ലാല്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ കുടുംബത്തിന്റെ തീരുമാനത്തിന്‌ പിന്നില്‍ ഉത്തരവാദികളായ മൂന്നു പേരെ പരാമര്‍ശിക്കുന്നുണ്ട്‌.

ഒരാള്‍ ശിവ്‌ലാലിന്റെ ഇളയ സഹോദരനാണ്‌. വീതംവച്ച ഭൂമിയുടെയും താമസത്തിന്റെയും അവകാശങ്ങളെച്ചൊല്ലിയുള്ള വര്‍ഷങ്ങളായുള്ള സംഘര്‍ഷം കുറിപ്പില്‍ വിവരിക്കുന്നു. ഇരകളായ നാല്‌ പേരുടെയും അന്ത്യകര്‍മങ്ങള്‍ അവരുടെ വീടിന്‌ മുന്നില്‍ നടത്തണമെന്ന അഭ്യര്‍ഥനയും കത്തിലുണ്ട്‌.പ്രധാനമന്ത്രി ആവാസ്‌ യോജന പ്രകാരം അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ശിവ്‌ലാല്‍ വീട്‌ പണിയാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ സഹോദരനും അമ്മയും അതിന്‌ അനുവദിച്ചില്ല. ഈ നിരന്തരമായ പീഡനം ആത്മഹത്യക്ക്‌ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയെന്ന്‌ കവിതയുടെ അമ്മാവന്‍ പറഞ്ഞു.സംഭവദിവസം കുടുംബത്തിലെ മറ്റുള്ളവര്‍ സ്‌ഥലത്തുണ്ടായിരുന്നില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )