Sports

പവര്‍ പാണ്ഡ്യ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക്‌ 101 റണ്‍സിന്റെ വമ്പന്‍ ജയം

കട്ടക്ക്‌: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ 101 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
ബരാബതി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറ്‌ വിക്കറ്റിന്‌ 175 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്ണിന്‌ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്‌. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്‌.
ടോസ്‌ നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ പോരാട്ടം ഇന്ത്യയെ (28 പന്തില്‍ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 59) മികച്ച സ്‌കോറിലെത്തിച്ചു. അഭിഷേക്‌ ശര്‍മയും (12 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 17) ശുഭ്‌മന്‍ ഗില്ലും (രണ്ട്‌ പന്തില്‍ നാല്‌) ചേര്‍ന്നാണ്‌ ഇന്നിങ്‌സ് തുടങ്ങിയത്‌.
ലുങ്കി എന്‍ഗിഡി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഗില്‍ മടങ്ങി. നായകന്‍ സൂര്യകുമാര്‍ യാദവും (11 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 12) വൈകാതെ മടങ്ങി. എന്‍ഗിഡിയെ സിക്‌സറടിച്ച സൂര്യയെ അടുത്ത പന്തില്‍ മാര്‍ക്രം പിടികൂടി. അഭിഷേകിനെ ലുതോ സിംപാല യാന്‍സന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യ മൂന്നിന്‌ 48 റണ്ണെന്ന നിലയിലായി. തിലക്‌ വര്‍മ മന്ദഗതിയിലായതും തിരിച്ചടിയായി. 32 പന്തുകള്‍ നേരിട്ട തിലക്‌ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 26 റണ്ണെടുത്തു. തിലകും അക്ഷര്‍ പട്ടേലും (21 പന്തില്‍ ഒരു സിക്‌സറടക്കം 23) ചേര്‍ന്നതോടെ ആദ്യമായി പ്രതീക്ഷിക്കാവുന്ന കൂട്ടുകെട്ട്‌ പിറന്നു. തിലകിനെ എന്‍ഗിഡി യാന്‍സന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട്‌ പൊളിച്ചു. അക്ഷറിന്റെയും ശിവം ദുബെയുടെയും (ഒന്‍പത്‌ പന്തില്‍ 11) ജിതേഷ്‌ ശര്‍മയുടെയും (അഞ്ച്‌ പന്തില്‍ ഒരു സിക്‌സറടക്കം പുറത്താകാതെ 10) പിന്തുണയോടെ ഹാര്‍ദിക്‌ അടിച്ചു തകര്‍ത്തു.

അര്‍ഷദീപ്‌ സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്‌ (0) പുറത്തായി. അഭിഷേക്‌ ശര്‍മയാണു ഡി കോക്കിനെ പിടികൂടിയത്‌. നായകന്‍ എയ്‌ദീന്‍ മാര്‍ക്രം (14 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 14), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (ഒന്‍പത്‌ പന്തില്‍ 14) എന്നിവര്‍ വെടിക്കെട്ടാകും മുമ്പ്‌ മടങ്ങി. മാര്‍ക്രത്തെ അക്ഷര്‍ പട്ടേലും സ്‌റ്റബ്‌സിനെ അര്‍ഷദീപും മടക്കി. 14 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 22 റണ്ണെടുത്ത ഡെവാള്‍ഡ്‌ ബ്രെവിസാണ്‌ ടോപ്‌ സ്‌കോറര്‍. സ്‌റ്റബ്‌സിനെ സൂര്യയുടെ കൈയിലെത്തിച്ച്‌ ജസ്‌പ്രീത്‌ ബുംറ ട്വന്റി20 യില്‍ നൂറ്‌ വിക്കറ്റ്‌ തികച്ചു. മൂന്ന്‌ ഫോര്‍മാറ്റിലും 100 വിക്കറ്റെടുക്കുന്ന അഞ്ചാമത്തെ താരമാണു ബുംറ. ഷാക്കിബ്‌ അല്‍ ഹസന്‍, ലസിത്‌ മലിംഗ, ടിം സൗത്തി, ഷഹീന്‍ ഷാ അഫ്രീഡി എന്നിവരാണു മുന്‍ഗാമികള്‍. തുടര്‍ന്നു വന്നവരില്‍ മാര്‍കോ യാന്‍സന്‌ (12 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 12) മാത്രമാണു രണ്ടക്കം കടക്കാനായത്‌. ഇന്ത്യക്കായി അര്‍ഷദീപ്‌, ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ഹാര്‍ദിക്‌ പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.