മുംബൈ: എസ്.എസ്. രാജമൗലി ചിത്രം ‘ബാഹുബലി’യിൽ നിന്ന് ശ്രീദേവി പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ. ഏകദേശം ഒരു പതിറ്റാണ്ടായി നിലനിൽക്കുന്ന ഈ വിവാദത്തിൽ ശ്രീദേവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കാണ് ബോണി കപൂർ ഇപ്പോൾ മറുപടി നൽകിയത്.
ബാഹുബലിയിലൂടെ പ്രഭാസ്, റാണാ ദഗ്ഗുബാട്ടി എന്നിവർക്ക് മാത്രമല്ല സത്യരാജും രമ്യാ കൃഷ്ണനും ഉത്തരേന്ത്യയിൽ ശ്രദ്ധ നേടിയിരുന്നു. ശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രമ്യ കൃഷ്ണൻ തെന്നിന്ത്യയിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചു. എന്നാൽ ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എസ്.എസ്. രാജമൗലി അവരെ സമീപിക്കുകയും, കഥ കേട്ടപ്പോൾ അവർക്ക് താൽപ്പര്യമുണ്ടാവുകയും ചെയ്തു, പക്ഷേ പിന്നീട് ഈ ചിത്രത്തിൽ നിന്ന് ശ്രീദേവി പിന്മാറുകയായിരുന്നു.
ഈ സിനിമയിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണം ശ്രീദേവിയുടെ അമിത ആവശ്യങ്ങൾ നിർമ്മാതാക്കൾ നിരസിച്ചതുകൊണ്ടാണ് എന്നായിരുന്നു അക്കാലത്ത് ഉയർന്നുവന്ന അഭ്യൂഹങ്ങൾ. ഒരു ഹോട്ടലിലെ മുഴുവൻ നിലയും വലിയൊരു സംഘത്തെയും ശ്രീദേവി ആവശ്യപ്പെട്ടുവെന്നും നിർമ്മാതാക്കൾ അത് നിരസിച്ചപ്പോൾ രമ്യ കൃഷ്ണനെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ, ബാഹുബലിയിൽ നിന്ന് ശ്രീദേവി പിന്മാറിയതിൻ്റെ യഥാർത്ഥ കാരണം ബോണി കപൂർ വെളിപ്പെടുത്തി. കമൽ നഹ്തയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞത്, ശ്രീദേവിക്കും രാജമൗലിക്കും ഒരുമിച്ച് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന സിനിമയ്ക്ക് ലഭിച്ചതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ബാഹുബലിക്ക് വാഗ്ദാനം ചെയ്തത്.
” അവളീ സിനിമ ചെയ്യാതിരുന്നത് നിർമ്മാതാവ് ഉണ്ടാക്കിയ തെറ്റിദ്ധാരണ കാരണമാണ്. രാജമൗലി വീട്ടിൽ വരികയും ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. പ്രതിഫലത്തിൻ്റെ കാര്യം സംസാരിച്ചപ്പോൾ രാജമൗലി മുറിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.” “ഇംഗ്ലീഷ് വിംഗ്ലീഷിന് ലഭിച്ചതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് നിർമ്മാതാവ് വാഗ്ദാനം ചെയ്തത്. നിങ്ങൾ അവരെ സിനിമയിൽ കാസ്റ്റ് ചെയ്യുമ്പോൾ, ഹിന്ദിയിലും തമിഴിലും നിങ്ങൾക്ക് അതിൻ്റെ ഗുണം ലഭിക്കും. അവരെ ബഹുമാനിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരത് ചെയ്യേണ്ടത്?” ബോണി കൂട്ടിച്ചേർത്തു.
ബാഹുബലിയുടെ നിർമ്മാതാക്കളോട് താനും ശ്രീദേവിയും ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബോണി കപൂർ വെളിപ്പെടുത്തി. “കുട്ടികൾക്ക് അവധിയുള്ളപ്പോൾ ഷൂട്ടിംഗ് വെക്കാൻ ശ്രമിക്കണം, അങ്ങനെയാണെങ്കിൽ അവർക്കും വരാൻ കഴിയുമെന്ന ഒരൊറ്റ കാര്യം മാത്രമാണ് ഞങ്ങൾ അവരോട് ആവശ്യപ്പെട്ടത്”




