Lifestyle

ബംഗളുരു വിമാനത്താവളത്തില്‍ കൂട്ടമായി നിസ്‌കരിച്ചു; ഇതെങ്ങനെ അനുവദിക്കുമെന്ന് ബി.ജെ.പി.

ബംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കൂട്ടം മുസ്ലിം പുരുഷന്‍മാര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. അതീവസുരക്ഷാ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നതെങ്ങനെയാണെന്നും കര്‍ണാടക മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. വക്താവ് വിജയ്പ്രസാദ് ആവശ്യപ്പെട്ടു.

ബംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലാണ് കൂട്ടനിസ്‌കാരം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതോടെയാണ് വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തിയത്.

‘അതീവ സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിലെ ഈ മേഖലയില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ ഈ വ്യക്തികള്‍ മുന്‍പ് അനുമതി വാങ്ങിയിരുന്നോ? ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങിയശേഷം ആര്‍.എസ്.എസ്. പഥസഞ്ചലനം നടത്തുമ്പോള്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നിയന്ത്രണമുള്ള സ്ഥലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുകയും ചെയ്യുന്നതെന്താണ്?’ -വിജയ് പ്രസാദ് എക്‌സില്‍ കുറിച്ചു.

മുഖ്യമന്ത്രി സിദ്ദരാമയ്യയും ഐ.ടി. മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് സ്വകാര്യ സംഘടനകളും പൊതുസ്ഥലത്ത് പരിപാടി സംഘടിപ്പിക്കുന്നതിനു മുന്‍പ് പ്രാദേശിക ഭരണകൂടത്തോട് അനുമതി വാങ്ങണമെന്നു മുഖ്യമന്ത്രി സിദ്ദരാമയ്യ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു വിമാനത്താവളത്തിലെ കൂട്ടനിസ്‌കാര വിവാദമുണ്ടായത്.