വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി.
ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തകര്‍പ്പന്‍ ഇന്‍സ്വിംഗറിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ സഞ്ജുവിന് കഴിയാതെ പോകുകയായിരുന്നു. സഞ്ജുവിന്റെ പ്രതിരോധം തകര്‍ത്ത് അകത്തേക്ക് പറന്ന പന്ത് താരത്തിന്റെ സ്റ്റംപ് തെറിപ്പിച്ചു.
നേരത്തേ റോയല്‍സിന്റെ ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ തന്നെ ജോസ് ബട്‌ളറെ പൂജ്യത്തിന് ഭുവനേശ്വര്‍കുമാര്‍ വീഴ്ത്തിയിരുന്നു. താരത്തിന്റെ ഒന്നാന്തരം ഔട്ട്‌സ്വിംഗറില്‍ ബാറ്റ് വെച്ച് ബട്‌ളര്‍ സ്ലിപ്പില്‍ ജെന്‍സന്റെ കയ്യിലെത്തി. തൊട്ടടുത്ത പന്തിലായിരുന്നു സാംസണെ തകര്‍ത്ത കൂറ്റന്‍ ഇന്‍സ്വിംഗര്‍ വന്നത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട യൂസ്‌വേന്ദ്ര ചഹലിനും ഇന്നലെ ദുരിതദിനമായിരുന്നു. നാല് ഓവര്‍ എറിഞ്ഞ ചഹല്‍ 62 റണ്‍സാണ് വഴങ്ങിയത്. ഇത് അദ്ദേഹത്തിന്റെ ഈ സീസണിലെ ഏറ്റവും ചെലവേറിയ സ്‌പെല്ലുമായിരുന്നു. മത്സരം ഒരു റണ്‍സിന് ഹൈദരാബാദ് ജയിച്ചു.