ചലച്ചിത്രമേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കളുടെ വേതന വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. മുന്‍കാലങ്ങളില്‍ ഒരു പുരുഷ സഹനടന് ലഭിക്കുന്നതിന്റെ 5% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് അവര്‍ പങ്കുവെച്ചു. സമാനമായ നേട്ടം കൈവരിച്ചിട്ടും പുരുഷ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ഈ വിഷയം ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഭൂമി വ്യക്തമാക്കി. പല തൊഴിലുകളിലും അത് നിലവിലുണ്ട്. വന്‍കിട കമ്പനികളിലെ വനിതാ സിഇഒമാര്‍ക്ക് പോലും പലപ്പോഴും പുരുഷ സിഇഒമാരെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ വെല്ലുവിളികള്‍ക്കിടയിലും ഭാവിയെക്കുറിച്ച് ഭൂമി പ്രതീക്ഷയിലാണ്. സമത്വത്തില്‍ വിശ്വസിക്കുന്ന കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഈ വ്യവസായത്തിലേക്ക് കടന്നു വരുന്നത് നല്ല മാറ്റങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. ഉദാഹരണത്തിന്, അടുത്തിടെ ഒരു പ്രശസ്ത സിനിമാ സെറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു താനെന്നും, അത് ഒരു വ്യക്തിഗത നേട്ടമായും പുരോഗതിയുടെ അടയാളമായും താന്‍ കാണുന്നുവെന്നും ഭൂമി പറഞ്ഞു.
അര്‍ജുന്‍ കപൂറും രാകുല്‍ പ്രീത് സിംഗും ഒന്നിച്ചഭിനയിച്ച ഭൂമിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മേരെ ഹസ്ബന്‍ഡ് കി ബിവി’ 2025 ഫെബ്രുവരി 21-ന് പുറത്തിറങ്ങി. മുദാസര്‍ അസീസ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡിക്ക് സമ്മിശ്ര പ്രതികരണം ലഭിക്കുകയും ആദ്യ ദിനം 1.50 കോടി നേടുകയും ചെയ്തു.
ലിംഗഭേദമില്ലാതെ ന്യായമായ വേതനം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോളിവുഡിലെയും മറ്റ് വ്യവസായങ്ങളിലെയും വേതന അസമത്വത്തിന്റെ നിലവിലുള്ള പ്രശ്നത്തെയും ചൂണ്ടികാട്ടുന്നതാണ് ഭൂമിയുടെ ഈ പരാമര്‍ശം.