Crime

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളി ക്യാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചു: സ്വീറ്റ് ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ബംഗളുരുവിലെ പ്രശസ്തമായ സ്വീറ്റ് ഷോപ്പിലെ സ്ത്രീകളുടെ വിശ്രമ മുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ആക്കിവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 25 ന് ഷോപ്പിലെത്തിയ കസ്റ്റമറായ യുവതിയാണ് ടോയ്‌ലെറ്റിൽ കയറിയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയത്. 25 കാരിയായ യുവതിയാണ് കോറമംഗലയിലെ ആനന്ദ് സ്വീറ്റ്‌സ് ഔട്ട്‌ലെറ്റിലെ വിശ്രമമുറിയിൽ മറഞ്ഞിരിക്കുന്ന ഫോൺ ക്യാമറ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്.

ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ഫോൺ ഒരു ജീവനക്കാരന്റേതാണ്, അയാൾ നിലവിൽ കസ്റ്റഡിയിലാണ്. അയാൾ കുറ്റം സമ്മതിച്ചു. ഞങ്ങൾ മൊബൈൽ ഫോണിൽ നിന്ന് വീഡിയോ എക്‌സ്‌ട്രാക്റ്റുചെയ്യാനുള്ള പ്രക്രിയയിലാണ്, ഇത് അന്വേഷണത്തിൽ നിർണായക തെളിവായി പ്രവർത്തിക്കും,” പോലീസ് ഔട്ട്‌ലെറ്റിനോട് വ്യക്തമാക്കി.

ഒരു പ്രാദേശിക സംരംഭകയായ യുവതി തന്റെ സോഷ്യൽ മീഡിയയിൽ മൂന്ന് ഭാഗങ്ങളുള്ള വീഡിയോയിലൂടെയാണ് ഈ ദുരനുഭവം പങ്കുവെച്ചത്. ശുചിമുറി ഉപയോഗിക്കാനാണ് താൻ ഷോപ്പിൽ പോയതെന്ന് യുവതി പറഞ്ഞു. എന്നാൽ ഈ സമയം ഭിത്തിയിൽ ഒരു വിടവ് ശ്രദ്ധിക്കുകയും അത് പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തു. “ഒന്നാം നിലയിലെ ശുചിമുറിയിൽ, മുൻവശത്തെ ഭിത്തി പൂർണ്ണമായും ഇഷ്ടികകൊണ്ട് നിർമ്മിച്ചതല്ലെന്ന് ഞാൻ ശ്രദ്ധിച്ചു. പകരം, മധ്യഭാഗത്ത് മുകളിൽ ഫൈബർഗ്ലാസും കമോഡിന്റെ തലത്തിൽ തടികൊണ്ടുള്ള സ്ട്രിപ്പുകളും ഉണ്ടായിരുന്നു. ഇതുകണ്ട് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി,” അവൾ പറഞ്ഞു.

“ഫൈബർഗ്ലാസ് തപ്പിത്തടഞ്ഞു തടിക്കഷണങ്ങൾക്കിടയിലൂടെ ശ്രദ്ധിച്ചപ്പോൾ അപ്പുറത്ത് ഒരു ഫോൺ വെച്ചിരിക്കുന്നത് ഞാൻ കണ്ടു. ആ ഫോൺ അനങ്ങുന്നതും ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ റെക്കോഡ് ചെയ്യപ്പെടുകയാണെന്ന് മനസ്സിലായത്” യുവതി പറഞ്ഞു. ഉടൻ തന്നെ യുവതി സ്‌റ്റോറിന്റെ മാനേജരെ വിവരമറിയിച്ചു. ആദ്യം അവർ പരാതി നിരസിച്ചെങ്കിലും എല്ലാ ജീവനക്കാരുടെയും ഫോണുകൾ പരിശോധിക്കാൻ അവൾ ആവശ്യപ്പെട്ടു, പക്ഷേ യുവതിയുടെ ആവശ്യം ഷോപ്പ് മാനേജർ തള്ളുകയും ഇതോടെ പോലീസിനെ വിളിക്കാൻ യുവതി തീരുമാനിക്കുകയുമായിരുന്നു.

കടയുടെ പിൻവാതിലിലൂടെ പ്രതി രക്ഷപെട്ടോടിയെങ്കിലും പോലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. “അവൻ കുറ്റസമ്മതം നടത്തി, വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് അവകാശപ്പെട്ടു. ക്ഷമ ചോദിക്കുന്നു, ദിദി എന്ന് എന്നെ വിളിക്കുകയും തനിക്ക് ഒരു ഒരു കുഞ്ഞുണ്ടെന്നും പറയുകയും ചെയ്തു. ഇതെന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. അവന്റെ ഫോൺ ഞാൻ പരിശോധിച്ചപ്പോൾ, അവന്റെ കുഞ്ഞിന്റെ ഫോട്ടോയ്‌ക്കൊപ്പം ഇന്റർനെറ്റിൽ നിന്ന് മറ്റ് സ്ത്രീകളുടെ ചിത്രങ്ങളും അവന്റെ ഫോണിൽ ഞാൻ കണ്ടെത്തി” യുവതി പറഞ്ഞു.

അതേസമയം സംഭവത്തിന്‌ പിന്നാലെ ആനന്ദ് സ്വീറ്റിന്റെ റീജിയണൽ ഡയറക്‌ടർക്ക് ഇമെയിൽ അയച്ച് ഒരു മീറ്റിംഗ് സംഘടിപ്പിച്ചുവെന്നും യുവതി പറഞ്ഞു. , നടപടിയെടുക്കുന്നതിൽ നിന്ന് അവളോട് പിന്മാറണമെന്ന് അയാൾ പറഞ്ഞതായി യുവതി വ്യക്തമാക്കി. പ്രതിയായ ജീവനക്കാരൻ ഒരു ഏജൻസിയിൽ ജോലി ചെയ്തതാണെന്നും അങ്ങനെ ഇവിടെ എത്തിയതാണെന്നും തങ്ങൾക്ക് അയാളെ കുറിച്ച് ഒന്നും അറിയില്ലെന്നും അയാൾ വ്യക്തമാക്കിതായി യുവതി പറഞ്ഞു. ഉടൻ തന്നെ താൻ കരഞ്ഞുകൊണ്ട് ഓഫീസിൽ നിന്നു പുറത്തുപോകാൻ ശ്രമിച്ചെന്നും എന്നാൽ മറ്റ് ഉപഭോക്താക്കൾ താൻ കരയുന്നത് കാണാതിരിക്കാൻ റീജിയണൽ ഡയറക്ടർ തന്നെ വഴി തടഞ്ഞെന്നും യുവതി പറഞ്ഞു.

തുടർന്ന് ആനന്ദ് സ്വീറ്റ്‌സ് ആൻഡ് സവ്യൂറീസ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രസ്താവനയിൽ “…അറ്റകുറ്റപ്പണികൾക്കായി കരാറിലേർപ്പെട്ടിരിക്കുന്ന ഒരു ടെക്‌നീഷ്യനായിരുന്നു പ്രതി… ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശുചിമുറികളിൽ വനിതാ അറ്റൻഡർമാരെ നിയമിക്കുക, ഞങ്ങളുടെ സ്റ്റോറുകളിൽ വനിതാ മാനേജർമാരെ നിയമിക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാഷ്‌റൂം സൗകര്യങ്ങൾ ഉറപ്പാക്കൽ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഞങ്ങൾ നടപ്പിലാക്കുകയാണ്…” എന്നാണ് വ്യക്തമാക്കിയത്.