Crime

മുന്‍ഭാര്യയുടെ കാമുകനെ പലതവണ കൊല്ലാന്‍ നോക്കി; ഒടുവില്‍ വിമാനത്താവളത്തിലിട്ടു കഴുത്തറുത്തു

ന്യൂഡല്‍ഹി: മുന്‍ഭാര്യയുടെ കാമുകനെ വിമാനത്താവളത്തിലിട്ട് കഴുത്തുറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. എയര്‍പോര്‍ട്ട് ജീവനക്കാരനായ ഇര പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നായിരുന്നു യുവാവ് കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

ഇന്ന് കൊല്ലപ്പെട്ട പുരുഷനുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രതിയും ഭാര്യയും 2022 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇര വിമാനത്താവളത്തില്‍ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി ഇരയായ യുവാവിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കൃത്യം നടപ്പാക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു വിമാനത്താവളത്തില്‍ എത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ബാഗിനുള്ളില്‍ ഒളിപ്പിച്ച് പ്രതികള്‍ ബസില്‍ വിമാനത്താവളത്തിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്താവളത്തിലെത്തിയ ശേഷം ട്രോളി ഓപ്പറേറ്റര്‍ പുറത്തിറങ്ങുന്നത് വരെ കാത്തുനിന്ന ശേഷമായിരുന്നു കുത്തിയത്. കൊലപാതകദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.