മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന് ശുഭ്മന്‍ ഗില്ലും ഉപ നായകന് ശ്രേയസ് അയ്യരും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് സ്ഥാനം നിലനിര്‍ത്തി. ഇഷാന് കിഷനെയോ ധ്രുവ് ജുറലിനെയോ പന്തിനു പകരം പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിനെ തിരിച്ചു വിളിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു. മുന്‍ നായകന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമിലുണ്ട്. ടീമിലെത്തിയെങ്കിലും കായിക ക്ഷമതാ പരിശോധന കടന്നാലെ ശ്രേയസ് അയ്യര്‍ക്കു കളിക്കാനാകു.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര കളിച്ച ടീമില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, ധ്രുവ് ജുറല്‍ എന്നിവരെ ഒഴിവാക്കി. പരമ്പരയില്‍ ഋതുരാജ് സെഞ്ചുറിയടിച്ചിരുന്നെങ്കിലും ശ്രേയസ് തിരിച്ചെത്തിയതോടെ താരത്തെ ഒഴിവാക്കി. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പാണ്ഡ്യയുടെ അഭാവത്തില്‍ സ്ഥാനം ഉറപ്പാക്കി. സിറാജിനെ കൂടാതെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് 15 അംഗ ടീമിലെ പേസര്‍മാര്‍. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുമുണ്ട്. അക്ഷര്‍ പട്ടേലിനെ പരിഗണിച്ചില്ല. യശസ്വി ജയ്സ്വാളാണ് ബാക്ക്അപ് ഓപ്പണര്‍. 11 ന് വഡോദരയിലാണ് ഒന്നാം ഏകദിനം. 14 ന് രാജ്കോട്ടിലും 18 ന് ഇന്‍ഡോറിലുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍. ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റിനിടെ താരത്തിന്റെ കഴുത്തിനു പരുക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ ഗില്‍ കളിച്ചിരുന്നു. ശ്രേയസ് അയ്യര്‍ക്ക് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പ്ലീഹയ്ക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞ ഒക്ടോബറിനു ശേഷം അയ്യര്‍ കളിക്കളത്തലിറങ്ങിയില്ല. ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായ സിറാജ് ഹൈദരാബാദിനായി വിജയ് ഹസാരെ ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. ഫെബ്രുവരി ഏഴിനു തുടങ്ങുന്ന ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണു ഹാര്‍ദികിന് വിശ്രമം അനുവദിച്ചത്. ഹാര്‍ദികിന് പത്ത് ഓവര്‍ എറിയാനുള്ള കായിക ക്ഷമതയില്ലെന്നാണു സെന്റര്‍ ഓഫ് എക്സലന്‍സിന്റെ നിലപാട്.
ടീം: ശുഭ്മന്‍ ഗില്‍ (നായകന്), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ കൃഷ്ണ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷദീപ് സിങ്, യശസ്വി ജയ്സ്വാള്‍.




