സോപ്പ് ബാര്‍ എന്തിനാണ് ഉപയോഗിക്കുന്നത്… കുളിക്കാന്‍, അല്ലെങ്കില്‍ തുണി കഴുകാന്‍. എന്നാല്‍ ബാത്ത് സോപ്പ് ബാറുകൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങള്‍.
- ഇഷ്ടപ്പെട്ട ഡ്രസ്സുകള്‍, ബാഗ്, ജീന്‍സ്… ഇവയുടെ സിബ്ബ് ഇടുമ്പോള്‍ ഇടയ്‌ക്കൊരു പിടുത്തം തോന്നുന്നുണ്ടോ. സിബ്ബ് കേടായി എന്നോര്‍ത്ത് നിരാശപ്പെടാന്‍ വരട്ടെ. സോപ്പ് ബാര്‍ സിബ്ബ് ചെയിന് മുകളില്‍ ഒന്ന് ഉരസാം. സിബ്ബ് പാത്ത് സ്മൂത്താവാന്‍ ഇത് സഹായിക്കും.
- കാല് വിയര്‍ത്താലും നനഞ്ഞാലും ചിലര്‍ക്ക് ചെരുപ്പില്‍ ദുര്‍ഗന്ധമുണ്ടാവാറുണ്ട്. ഓഫീസിലും ആള്‍ക്കൂട്ടത്തിലുമൊക്കെ ആളുകള്‍ മുഖം ചുളിക്കാന്‍ ഇത് മതി. ഇതൊഴിവാക്കാന്‍ ഷൂസിനുള്ളില്‍ ഉണങ്ങിയ സോപ്പിന്റെ കഷണം വയ്ക്കാം. ധരിക്കുന്ന സമയത്ത് ഇത് മാറ്റാം. ദുര്‍ഗന്ധം അകലും.
- ഉപയോഗിക്കാതെ ദിവസങ്ങളോളം വയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പഴകിയ ഗന്ധം വരുന്നത് മിക്കവര്‍ക്കും തലവേദനയാണ്. ഇത് ഒഴിവാക്കാന്‍ ഒരു സോപ്പ് ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് തുണികള്‍ക്കിടയില്‍ വയ്ക്കാം. തുണികള്‍ക്ക് നല്ല മണമുണ്ടാകാന്‍ ഇത് മതി.
- ഗ്ലാസോ കണ്ണാടിയോ വീണുപൊട്ടിയത് തുടച്ചുകളഞ്ഞാലും നിലത്ത് ഗ്ലാസിന്റെ ചെറിയ കഷണങ്ങള്‍ അവശേഷിക്കും. ഇത് ഒഴിവാക്കാന്‍ ബാര്‍ സോപ്പ് എടുത്ത് ഗ്ലാസ് വീണ പ്രതലത്തില്‍ ഉരയ്ക്കാം. ചില്ലു കഷണങ്ങള്‍ ഇതില്‍ പറ്റിപ്പിടിച്ചോളും. ഈ സോപ്പ് കളയാന്‍ മറക്കേണ്ട.
- കതകുകളുടെ വിജാഗിരി തിരിയുമ്പോഴുള്ള കിരുകിര ശബ്ദം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ഒഴിവാക്കാന്‍ ശബ്ദമുണ്ടാക്കുന്ന വിജാഗിരിയില്‍ സോപ്പ് പുരട്ടാം. കതക് തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള ശബ്ദം ഇനി ഉണ്ടാവില്ല.




