Lifestyle

7മാസം ഗര്‍ഭിണിയായ അമ്മ വെടിയേറ്റ് മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി പുറത്തെടുത്തു !

ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ വെടിയേറ്റ് മരിച്ച കൗമാരക്കാരിയുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. 17-കാരിയായ കാറ്റ്ലിന്‍ സ്ട്രേറ്റ് കാമുകനും അവന്റെ സഹോദരിക്കുമൊപ്പം ലൂസിയാനയിലെ അമ്മയുടെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു. ഈ സമയം 54-കാരനായ ബാരി വെസ്റ്റ് അമിത വേഗതയിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് അവരെ പിന്തുടര്‍ന്നു.

സാന്റേറ്റിന്റെ കാമുകന്‍ വെസ്റ്റിന്റെ കാറിനെ മറികടന്നപ്പോള്‍, വെസ്റ്റ് വെടിയുതിര്‍ക്കുകയും അത് സ്ട്രേറ്റിന്റെ തലയുടെ പിന്നില്‍ കൊള്ളുകയും ചെയ്തു. വെടിയേറ്റ ഉടന്‍ തന്നെ സ്ട്രേറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ സ്ട്രേറ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങളുടെ സഹായതേടി. ഇതിനിടെ ലൈഫ് സപ്പോര്‍ട്ടില്‍ സി-സെക്ഷനിലൂടെ ഗര്‍ഭിണിയായ സ്ട്രേറ്റിന് പെണ്‍കുഞ്ഞ് പിറന്നു. മൂന്ന് പൗണ്ടും 11 ഔണ്‍സും ആയിരുന്നു കുഞ്ഞിന്റെ ഭാരം. കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം സ്ട്രേറ്റിന്റെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യാനും മരണാനന്തരം സ്ട്രേറ്റിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനും കുടുംബം തീരുമാനിച്ചു.

മരണത്തിന് തൊട്ടുമുമ്പ്, സ്ട്രേറ്റും പങ്കാളിയും ചേര്‍ന്ന് ഒരു ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി നടത്തിയിരുന്നു. അവര്‍ക്ക് പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്നറിഞ്ഞ് ഇരുവരും ഏറെ സന്തോഷിച്ചിരുന്നു. വെസ്റ്റിനെതിരെ സെക്കന്‍ഡ്-ഡിഗ്രി കൊലപാതകം, മൂന്ന് തവണ കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് ടാന്‍ഗിപഹോവ പാരിഷ് ഷെരീഫ് ഓഫീസ് അറിയിച്ചു.

സ്ട്രേറ്റിന്റെ മരണശേഷം, അവളുടെ ശവസംസ്‌കാരച്ചെലവുകള്‍ക്കും കുഞ്ഞിന്റെ സംരക്ഷണത്തിനുമായി 52,500 ഡോളറില്‍ കൂടുതല്‍ ധനസഹായം ലഭിച്ചു. കുഞ്ഞിന്റെ നല്ലൊരു ഭാവിക്കായി പ്രാദേശിക സമൂഹം ഒരു ബേബി ഷവറും സംഘടിപ്പിച്ചിരുന്നു.