Oddly News

ട്രെയിനിനു മുന്നിൽ അപൂര്‍വ്വ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിന് സമീപം ഓടിവരുന്ന ട്രെയിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ സെല്‍ഫിക്ക് ശ്രമിച്ച യുവതി ട്രെയിന്‍തട്ടി മരിച്ചു. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്‌സിക്കോയിലെ നോപാല ഡി വില്ലാഗ്രാനില്‍ വെച്ച് നടന്ന സംഭവത്തില്‍ അജ്ഞാതയായ സ്ത്രീ ട്രെയിന്‍ തട്ടി മരണപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

മറ്റൊരാള്‍ യുവതിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അപകടം പതിഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ വിന്റേജ് സ്റ്റീം ട്രെയിനായ എംപ്രസ് വരുമ്പോഴായിരുന്നു സംഭവം. വിന്റേജ് സ്റ്റീം ട്രെയിന്‍ അതിന്റെ ഫൈനല്‍ സ്പൈക്ക് സ്റ്റീം ടൂറിനിടെ ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ അവള്‍ ഫോണുമായി ട്രാക്കുകള്‍ക്ക് സമീപം അപകടകരമായ സ്ഥിതിയിലായിരുന്നു.

രക്തം ഉറഞ്ഞുപോകുന്ന ദൃശ്യത്തില്‍, ഓറഞ്ച് ടോപ്പ് ധരിച്ച സ്ത്രീ ട്രെയിന്‍ അടുക്കുമ്പോള്‍ ഒരു കുട്ടിയുടെ അടുത്ത് നില്‍ക്കുന്നതായി കാണാം.
ഫോട്ടോ എടുക്കാന്‍ സ്ത്രീ ഒരു കാല്‍മുട്ടിലേക്ക് താഴുന്നു. ട്രെയിനിന്റെ എഞ്ചിന്റെ മൂല അവളുടെ തലയുടെ പിന്‍ഭാഗത്ത് തട്ടി, അവളെ മുന്നോട്ട് തള്ളുന്നു. ട്രെയിനില്‍ നിന്ന് ഇരയുടെ മൃതദേഹം വലിച്ചിഴയ്ക്കാന്‍ ഒരാള്‍ ഓടുന്നതും കാണാം.

അത്യാഹിത വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കിടയിലും യുവതിയുടെ മരണം സംഭവസ്ഥലത്ത് തന്നെ സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിനേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു.