Uncategorized

പുകവലിച്ചാല്‍ മുടി നരയ്ക്കുമോ? അകാലനരയുടെ കാരണങ്ങള്‍ ഇവയാകാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാനപ്രശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. ഇത് പാരമ്പര്യമായി ഉള്ളതാണ്. അകാലനര വരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

തൈറോയ്ഡ് തകരാര്‍ – തൈറോയ്ഡിനു കാരണമാകുന്ന ഹോര്‍മോണല്‍ തകരാറുകളും അകാലനരയ്ക്ക് കാരണമാകാം. ഹൈപ്പര്‍തൈറോയ്ഡിസം,
ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയവ ഉള്ളവരില്‍ അകാലനര കണ്ടുവരാറുണ്ട്. തൈറോയ്ഡിന്റെ അനാരോഗ്യം മുടിയുടെ നിറത്തേയും ബാധിക്കും.

ജനിതകഘടകങ്ങള്‍ – അകാലനരയ്ക്കു പിന്നില്‍ ജനിതകഘടകങ്ങള്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ചെറുപ്രായത്തിലേ നര കണ്ടുതുടങ്ങുന്നുണ്ടെങ്കില്‍ ജനിതകപരമായ കാരണങ്ങളുമുണ്ടാകാം. മാതാപിതാക്കള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ചെറുപ്രായത്തിലേ നര വന്നിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലാണ്.

ഓട്ടോഇമ്മ്യൂണ്‍ ഡിസീസ് – രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ ഡിസീസുകളും അകാലനരയ്ക്ക് കാരണമാകാറുണ്ട്. ശരീരത്തിന്റെ പ്രതിരോധസംവിധാനം അതിന്റെ കോശങ്ങളെ തന്നെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അലോപേഷ്യ, വിറ്റിലിഗോ തുടങ്ങിയവ ഉള്ളവരില്‍ പ്രതിരോധ സംവിധാനം മുടിയുടെ ആരോഗ്യത്തെ തകര്‍ക്കുകയും കറുത്തനിറം നഷ്ടമാവുകയും ചെയ്യും.

പുകവലി – പുകവലി അകാലനരയ്ക്ക് കൂടി കാരണമാകുന്നുണ്ട്. മുപ്പതു വയസ്സിനു മുമ്പുള്ള പുകവലി ഉള്ളവരില്‍ അകാലനര കണ്ടുവരാറുണ്ടെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. പുകവലി രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹെയര്‍ഫോളിക്കിളുകളിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. ഇത് മുടികൊഴിച്ചിലിനു കാരണമാകും. കൂടാതെ സിഗരറ്റുകളിലെ ടോക്‌സിനുകള്‍ ഹെയര്‍ഫോളിക്കിളുകളെ ബാധിച്ച് മുടിനരയ്ക്കാന്‍ കാരണമാകും.

സമ്മര്‍ദം – എല്ലാവരും ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവരാണ്. അമിത സമ്മര്‍ദം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉത്കണ്ഠയ്ക്ക് വഴിവെക്കുകയും വിശപ്പില്‍ മാറ്റംവരുത്തുകയും ബി.പി. നിയന്ത്രണാതീതമാക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ ഇതിലുപരി മുടിയേയും സമ്മര്‍ദം വിപരീതമായി ബാധിക്കുന്നുണ്ട്. മുടിയില്‍ നര കൂടുതലാണെങ്കില്‍ സമ്മര്‍ദത്തിനും പങ്കുണ്ടെന്ന് മനസ്സിലാക്കാം.

വിറ്റാമിന്‍ ബി12 കുറവ് – ചെറുപ്രായത്തിലേ നരക്കുന്നതിനു പിന്നില്‍ വിറ്റാമിന്‍ ബി12 അപര്യാപ്തതയുമാകാം. ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം മുടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ബി12 വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിന്‍ ബി12 കുറയുന്നത് മുടിയുടെ കോശങ്ങളെ ക്ഷയിപ്പിക്കുകയും മെലാനിന്‍ ഉത്പാദനത്തെ ബാധിക്കുക.