ആരോഗ്യത്തിന് ഉറക്കത്തിന്റെ ദൈര്‍ഘ്യം പോലെ തന്നെ ഗുണനിലവാരവും പ്രധാനമാണെന്ന് ഒരു ആഗോള പഠനം വ്യക്തമാക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജം, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ സ്വാധീനിക്കുന്ന അഞ്ച് തരം ഉറക്ക രീതികളെ കുറിച്ച് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീനുകള്‍ (മൊബൈല്‍, ടിവി) ഒഴിവാക്കുക, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ലളിതമായ ശീലങ്ങളിലൂടെ ഉറക്കം മെച്ചപ്പെടുത്താന്‍ സാധിക്കും. നമ്മള്‍ എത്ര മണിക്കൂര്‍ ഉറങ്ങുന്നു എന്നതിനോടൊപ്പം തന്നെ എങ്ങനെ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുന്ന എല്ലാവര്‍ക്കും ഗുണമേന്മയുള്ള ഉറക്കം ലഭിക്കണമെന്നില്ല…..
1. കുറഞ്ഞ സമയം ഉറങ്ങുന്നവര്‍ (Short Sleepers) – നിങ്ങള്‍ സ്ഥിരമായി 6 മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നതെങ്കില്‍ അത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. ഇത് നിങ്ങളെ പെട്ടെന്ന് ദേഷ്യം വരുന്നവരാക്കാനും ഏകാഗ്രത കുറയ്ക്കാനും കാരണമാകും. പകല്‍ സമയത്ത് അമിതമായ ക്ഷീണവും ഉറക്കവും അനുഭവപ്പെടാന്‍ ഇത് ഇടയാക്കും.
2. ഇടയ്ക്കിടെ ഉണരുന്നവര്‍ (Night Awakeners) – രാത്രിയില്‍ ഉറക്കത്തിനിടയില്‍ പലതവണ ഉണരുന്നത് ഒരു പ്രശ്‌നമാണ്. ആവശ്യത്തിന് സമയം കിടക്കയില്‍ ചിലവഴിച്ചാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. ഇത് ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും കാരണമായേക്കാം.
3. ഗുണനിലവാരമില്ലാത്ത ഉറക്കം (Poor Sleep Quality Sleepers) – നിങ്ങള്‍ 7-8 മണിക്കൂര്‍ കിടക്കയില്‍ ചിലവഴിച്ചാലും ശരീരത്തിനും തലച്ചോറിനും കൃത്യമായ വിശ്രമം ലഭിക്കാത്ത അവസ്ഥയാണിത്. എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, വൈകാരികമായ അസ്ഥിരത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
4. ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നവര്‍ (Sleep Aid Users) – ഉറങ്ങാന്‍ വേണ്ടി മരുന്നുകളെയോ സപ്ലിമെന്റുകളെയോ അമിതമായി ആശ്രയിക്കുന്നത് നല്ലതല്ല. ഇത് താല്‍ക്കാലികമായി സഹായിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓര്‍മ്മക്കുറവിനും പകല്‍ സമയത്തെ മന്ദതയ്ക്കും കാരണമാകും.
5. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നവര്‍ (Daytime Drowsy Sleepers) – പകല്‍ സമയത്ത് അമിതമായ ഉറക്കം വരുന്നത് ഉറക്കത്തിന്റെ ഗുണനിലവാരമില്ലായ്മയെയോ അല്ലെങ്കില്‍ തൈറോയ്ഡ്, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെയോ സൂചിപ്പിക്കുന്നു. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും ക്ഷീണം തോന്നുന്നതും ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതും ഇതിന്റെ ലക്ഷണമാണ്.
നന്നായി ഉറങ്ങാന്‍ ചില നിര്‍ദ്ദേശങ്ങള്‍ :
അന്തരീക്ഷം : ഇരുട്ടുള്ളതും ശാന്തവുമായ സ്ഥലത്ത് ഉറങ്ങാന്‍ ശ്രമിക്കുക.
ഡിജിറ്റല്‍ ഡിറ്റോക്‌സ് : ഉറങ്ങുന്നതിന് 30-60 മിനിറ്റ് മുന്‍പ് മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ടിവി എന്നിവ ഒഴിവാക്കുക.
ഭക്ഷണം : വൈകുന്നേരങ്ങളില്‍ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.
ക്രമമായ സമയം : എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേല്‍ക്കാനും ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഉറക്കചക്രത്തെ (Sleep Cycle) ക്രമപ്പെടുത്തും.




