ഭക്ഷണം കഴിച്ച് ഉടന്‍ പോയി കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നാണ് വെയ്‌പെന്ന് പഴമക്കാരും പറയാറുണ്ട്. ഈ രണ്ടു കാര്യങ്ങളും ഒന്നു തന്നെ. രാത്രയിലെ ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റ് നടന്നാല്‍ വളരെയധികം ഗുണമാണ് ശരീരത്തിന് ലഭിയ്ക്കുന്നത്. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അര്‍ധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു……
ഉറക്ക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് അത്താഴശേഷമുള്ള നടത്തം ഏറെ ഗുണം ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം സെറോടോണിന്‍ പുറപ്പെടുവിക്കും ഇത് ഉറക്കം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആയ മെലാട്ടോണിന്റെ ഉല്‍പ്പാദനത്തെ സഹായിക്കും. അത്താഴ ശേഷമുള്ള നടത്തം. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. മനസിനെ വിശ്രാന്തി (relax) യിലാക്കാനും സുഖകരമായ, തടസമില്ലാത്ത ഉറക്കം ലഭിക്കാനും വേഗത്തില്‍ ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും അത്താഴഷേഷമുള്ള നടത്തം സഹായിക്കും.
ദഹനത്തിനു മാത്രമല്ല, പോഷകങ്ങളുടെ ആഗിരണത്തിനും അത്താഴശേഷമുള്ള നടത്തം സഹായിക്കും. ഭക്ഷണം കഴിച്ചശേഷം നമ്മള്‍ ചലിക്കുമ്പോള്‍ ശരീരം വൈറ്റമിനുകളെയും ധാതുക്കളെയും കൂടുതല്‍ ഫലപ്രദമായി പ്രോസസ് ചെയ്യുകയും ഭക്ഷണത്തില്‍ നിന്ന് പരമാവധി പോഷകങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യും. അതായത് ശരീരം കൂടുതല്‍ ഊര്‍ജ്ജത്തെയും പ്രോട്ടീനിനെയും അവശ്യ വൈറ്റമിനുകളെയും ആഗിരണം ചെയ്യുകയും ഇതു വഴി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
രാത്രിയിലെ ചെറുനടത്തം ഓര്‍മ്മശക്തി മെച്ചപ്പെടുത്തും. അത്താഴം കഴിച്ചശേഷം നടക്കുന്നത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം വര്‍ധിപ്പിക്കുകയും ഇത് ചിന്തകള്‍ക്ക് വ്യക്തത വരുത്താന്‍ സഹായിക്കുകയും ചെയ്യും. ഭക്ഷണശേഷമുള്ള ചെറുനടത്തങ്ങള്‍ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും മനസിന്റെ ക്ഷീണം അകറ്റുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് വായിക്കുന്ന ശീലമുള്ളവര്‍ക്ക് ഇത് പ്രത്യേകിച്ച് ഗുണം ചെയ്യും.
ഭക്ഷണം ധാരാളം കഴിച്ചശേഷം പ്രത്യേകിച്ച് രാത്രിയില്‍ കഴിച്ചശേഷം മിക്കവര്‍ക്കും അസിഡിറ്റിയോ വയറു കമ്പിക്കലോ (bloating) ഉണ്ടാകാറുണ്ട്. അത്താഴം കഴിച്ചശേഷം നടക്കുന്നത് വയറു വേഗത്തില്‍ കാലിയാകാന്‍ സഹായിക്കും. ഇത് ആസിഡ് റിഫ്‌ലക്‌സിനും ബ്ലോട്ടിങ്ങിനും ഉള്ള സാധ്യത കുറയ്ക്കും. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതിനു പകരം ചെറുതായി നടക്കുന്നത് നെഞ്ചെരിച്ചില്‍ തടയുകയും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ചെയ്യും.