Healthy Food

ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!

ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം.

സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ കണ്ടുവരുന്നത്. പല ജോലിതിരക്കുകളില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ സമയം ലഭിക്കണമെന്നില്ല. കൂടാതെ ഒരു സ്ഥലത്ത് തന്നെ ഇരുന്ന് ചെയ്യുന്ന ജോലി ആയതിനാല്‍ തന്നെ ഇവര്‍ക്ക് രോഗങ്ങളും പെട്ടെന്ന് പിടിപ്പെടും. പലരും ബര്‍ഗര്‍, പിസ്സ പോലുള്ള ഫാസ്റ്റ് ഫുഡുകളായിരിക്കും ജോലിക്കിടയില്‍ കഴിക്കുന്നത്. തുടര്‍ച്ചയായി ഈ ഭക്ഷണ ശീലം പിന്തുടരുന്നതിലൂടെ രോഗങ്ങള്‍ പിടിപെട്ടേക്കാം.

ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടങ്കില്‍ അതും മാറ്റാനായി ശ്രദ്ധിക്കണം. അതിന് ഒരു വഴിയുണ്ട്. നിങ്ങളുടെ ഡസ്‌കില്‍ കുറച്ച് നട്സും ഡ്രൈ ഫ്രൂട്ട്സുമൊക്കെ ടിന്നിലാക്കി വെക്കുക. എല്ലാവരും ചായയും പരിപ്പുവടയുമൊക്കെ കഴിക്കുമ്പോള്‍ ഇതില്‍ നിന്ന് അല്‍പ്പമെടുത്ത് കഴിക്കുക. പെട്ടെന്ന് തന്നെ നിങ്ങളുടെ വയറും നിറയും. ആരോഗ്യം കാത്തുസൂക്ഷിക്കാനും സാധിക്കും.