Fitness

കഷ്ട​പ്പെട്ട് കുറച്ച ഭാരം വീണ്ടും കൂടുന്നോ ? ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…

  • സമ്മര്‍ദ നിയന്ത്രണം – സമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ ഇത് അമിതമായി ഭക്ഷണം കഴിക്കാനിടയാക്കും. ധ്യാനം, യോഗ, പ്രാണായാമം എന്നിവയെല്ലാം സമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്. വ്യക്തിഗതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭാരനിയന്ത്രണത്തില്‍ ലഭിക്കുന്നതിന് ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്റെയും സഹായം തേടുന്നതും നല്ലതാണ്.
  • സന്തുലിത ഭക്ഷണക്രമം – പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ഹോള്‍ ഗ്രെയ്നുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ഉള്‍പ്പെട്ട സന്തുലിത ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഇവ അവശ്യമായ പോഷണങ്ങള്‍ നല്‍കുന്നതും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതുമാണ്. വലിച്ചുവാരി തിന്നാനുള്ള ആസക്തിയെ ഇവ ഇല്ലാതാക്കും.
  • ഇടയ്ക്കിടെ പരിശോധന – ഇടയ്ക്കിടെ ഭാരം പരിശോധിച്ച് ശരിയായ പാതയിലാണോ നമ്മുടെ പോക്ക് എന്നും ഉറപ്പ് വരുത്തണം. ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും.
  • നിത്യവുമുള്ള വ്യായാമം – കാലറി കത്തിക്കാനായി നിത്യവും വ്യായാമം ചെയ്യണം. ഇത് ചയാപചയം മെച്ചപ്പെടുത്താനും പേശികളുടെ സാന്ദ്രത നിലനിര്‍ത്താനും സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിട്ട് മിതമായ തീവ്രതയിലുള്ള എയറോബിക് വ്യായാമങ്ങളോ 75 മിനിട്ട് തീവ്രത കൂടിയ വ്യായാമങ്ങളോ പിന്തുടരാം.
  • പിന്തുണയ്ക്കാന്‍ ആളുകള്‍ – കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കൂട്ടായ്മകളുടെയും പിന്തുണ ഭാരനിയന്ത്രണത്തില്‍ നിര്‍ണ്ണായകമാണ്. ചുറ്റുമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നവരും ഉത്തരവാദിത്തത്തോടെ പെരുമാറുന്നവരും ആകണം.
  • ഒരേ സമയത്ത് കഴിക്കാം – എന്നും ഒരേ സമയത്ത് പ്രധാന ഭക്ഷണങ്ങളും സ്നാക്സുകളും കഴിക്കുന്ന ചിട്ട പിന്തുടരുക. ഇത് വിശപ്പ് നിയന്ത്രിക്കാനും അനാവശ്യമായ ഭക്ഷണം കഴിപ്പ് തടയാനും സഹായിക്കും.
  • ജലാംശം നിലനിര്‍ത്തുക – ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായി ആവശ്യത്തിന് വെള്ളം കുടിക്കുക. വെള്ളം ദഹനത്തെ സഹായിക്കുക മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
  • കുറഞ്ഞ അളവില്‍ കഴിക്കാം – ചെറിയ പ്ലേറ്റ്, ചെറിയ ബൗളുകള്‍, പാത്രങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ അളവ് പരിമിതപ്പെടുത്താന്‍ സഹായിക്കും. ഓരോ ഭക്ഷണത്തിന്റെയും കലോറിയും അറിഞ്ഞ് കഴിക്കുക.
  • അറിഞ്ഞ് കഴിക്കുക – നമ്മുടെ വിശപ്പും ഭക്ഷണം കഴിക്കുമ്പോഴുള്ള നിറവുമെല്ലാം മനസ്സിലാക്കി അറിഞ്ഞ് കഴിക്കുക. പതിയെ രുചിയറിഞ്ഞ് കഴിക്കുമ്പോഴാണ് ശരീരം സംതൃപ്തിയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതും അമിതമായി കഴിക്കുന്നതിനെ തടയാന്‍ സാധിക്കുന്നതും.