സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്.
ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണെന്ന് കരുതുന്നതിനാല്‍ താന്‍ അന്ന് ഫീസ് ഒഴിവാക്കി. എന്നാല്‍ തന്നെ പ്രതിഫലം ഉപേക്ഷിക്കാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
നിര്‍മ്മാതാക്കളോടുള്ള ബഹുമാനം കൊണ്ടാണ് അന്നു അങ്ങനെ ചെയ്തത്. ഇത്തരം കാര്യങ്ങള്‍ സിനിമാക്കാരുടെ കുടുംബങ്ങളില്‍ നിന്നും വരാത്തവര്‍ക്ക് സാധാരണമാണെന്നും ഇത്തരം കാര്യങ്ങളില്‍ അവര്‍ മാത്രമാണ് ടാര്‍ഗെറ്റു ചെയ്യപ്പെട്ടിരുന്നതെന്നും താരം പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എപ്പോഴും ഒരു മുന്‍തൂക്കം ഉണ്ടായിരിക്കും. അതൊരു വസ്തുതയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് അമീഷയുടെ പ്രതികരണം.
അമീഷയും സണ്ണിഡിയോളും നായികാനായകന്മാരായ ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ 500 കോടി തികച്ചിരിക്കുകയാണ്. 2001-ലെ ഹിറ്റ് ചിത്രമായ ‘ഗദര്‍: ഏക് പ്രേം കഥ’യുടെ തുടര്‍ച്ചയില്‍ അമീഷ പട്ടേല്‍ സക്കീനയുടെ വേഷമാണ് ചെയ്യുന്നത്.