Featured Sports

റഷീദ്ഖാന് തകര്‍പ്പന്‍ ബര്‍ത്ത്‌ഡേ ഗിഫ്റ്റ്; കരിയറിലെ ആദ്യ ഏകദിന പരമ്പര ; അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി…!

പാകിസ്താനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിസ്മയിപ്പിച്ച ബംഗ്‌ളാദേശിന്റെ വഴിയേ അഫ്ഗാനിസ്ഥാനും. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പത്താന്മാര്‍ പിടിച്ചെടുത്തു. ആദ്യ മത്സരം ജയിച്ചു കയറിയ അവര്‍ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ 177 റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ജന്മദിന ദിവസം അഞ്ചു വിക്കറ്റ് വീഴ്ത്തിയ റഷീദ്ഖാനാണ് തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 311 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 134 ല്‍ അവസാനിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ പരമ്പരയില്‍ തന്നെ വിജയിക്കാനായത് അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായമായി മാറും. അതേസമയം ഇരു ടീമുകളും കളിക്കുന്ന നാലാമത്തെ ഏകദിനമായിരുന്നു. മുമ്പ്, 2019 ലോകകപ്പില്‍ കാര്‍ഡിഫിലും കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ അഹമ്മദാബാദിലും അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും കൊമ്പുകോര്‍ത്തിരുന്നു.

രണ്ട് തവണയും പ്രോട്ടീസ് ആയിരുന്നു വിജയികള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഇംഗ്ലണ്ടിനെതിരെയോ പാകിസ്ഥാനെതിരെയോ ഒറ്റത്തവണത്തെ ചില വിജയങ്ങള്‍ മാത്രമല്ല, ഏഷ്യയില്‍ നിന്നുള്ള മറ്റൊരു വമ്പന്മാരായി ഉയര്‍ന്നുവരികയാണ് അഫ്ഗാനിസ്ഥാന്‍. തന്റെ 26 ാം ജന്മദിനത്തില്‍ റഷീദ്ഖാന് കിട്ടിയത് ഒന്നാന്തരം ബര്‍ത്തഡേ ഗിഫ്റ്റായിരുന്നു. 9 ഓവര്‍ എറിഞ്ഞ റഷീദ്ഖാന്‍ വെറും 19 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ലോകത്തെ നിലവിലെ ഏറ്റവും മികച്ച സ്പിന്നറായ റഷീദ്ഖാനായിരുന്നു ദക്ഷിണാഫ്രിക്കയെ കുഴപ്പിച്ച ബൗളറും.

വെറും 34 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ കഥകഴിഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും (105) റഹ്മത്ത് ഷാ (50), അസ്മതുള്ള ഒമറാസി (86) എന്നിവരുടെ കരുത്തുറ്റ ബാറ്റിംഗാണ് അഫ്ഗാനിസ്ഥാനെ വമ്പന്‍ സ്‌കോറിലേക്ക് ഉയര്‍ത്തിയത്. ഗുര്‍ബാസിന് ഇതോടെ സെഞ്ച്വറികളുടെ എണ്ണം ഏഴായി. അഫ്ഗാനിസ്ഥാനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും വാങ്ങിയാണ് താരം ക്രീസ് വിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 2-0 ന് മുന്നില്‍ കയറി.