ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത അമന്‍ജ്യോക് കൗറും
വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്ണിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ജേതാക്കളായത്. അമന്‍ജ്യോക് കൗറിന്റെ ക്യാച്ചാണ് നിര്‍ണായകമായത്. ഇന്ത്യയുടെ വിജയുറപ്പിച്ചത് അമന്‍ജ്യോത് എടുത്ത മറ്റൊരു വണ്ടര്‍ ക്യാച്ചിലാണ്. 42-ാം ഓവറിലായിരുന്നു സംഭവം.
നായികയും ഓപ്പണറുമായ ലോറ വോള്‍വാദ് (98 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 101) സെഞ്ചുറിയുമായി ടീമിനെ ജയത്തിലേക്കു നയിച്ചു കൊണ്ടിരുന്നു. ആറു വിക്കറ്റിനു 220 റണ്‍സെന്ന നിലയിലാണു ദക്ഷിണാഫ്രിക്ക ഓവര്‍ തുടങ്ങിയത്. ഒന്‍പത് റണ്ണെടുത്ത ചോലെ ട്രയോണുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ഒരു സ്ലോഗ് സ്ലീപ്പ് കളിക്കാനായിരുന്നു വോള്‍വാദിന്റെ ശ്രമം. അതു പ്രതീക്ഷിച്ച ദൂരം താണ്ടിയില്ല.
ഡീപ്പ് മിഡ് വിക്കറ്റില്‍ അമന്‍ജ്യോത് റണ്ണിങ് ക്യാച്ചിലൂടെ അതു വരുതിയിലാക്കി. ആദ്യ ശ്രമത്തില്‍ പന്ത് കൈകളിലൊതുങ്ങിയില്ല. തെറിച്ചുപോയ പന്ത് രണ്ടാം ശ്രമത്തില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും വഴുതി. മൂന്നാം ശ്രമത്തില്‍ പന്തിനെ ഒറ്റക്കൈയില്‍ പിടിച്ചു. ലോറയുടെ പുറത്താകലോടെയാണ് ഇന്ത്യയുടെ കിരീടനേട്ടവും ഉറപ്പായത്. 96 പന്തിലാണു ലോറ ഏകദിനത്തിലെ 11-ാം സെഞ്ചുറിയടിച്ചത്. ഈ ക്യാച്ചിനെ സൂര്യകുമര്‍ യാദവിന്റെ അദ്‌ഭുത പ്രകടനത്തോടാണു നിരൂപകര്‍ വിശേഷിപ്പിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ സിക്‌സറെന്നുറപ്പിച്ച ഡേവിഡ് മില്ലറുടെ ഷോട്ട് ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ചാണ് ഒരു റണ്ണിങ് ക്യാച്ചിലൂടെ സൂര്യ കൈക്കുള്ളിലാക്കിയത്. ഇന്ത്യ ജയിച്ചതും ആ ക്യാച്ചോടെയാണ്. ആ പന്ത് എങ്ങനെയാണു പിടിച്ചതെന്നു തനിക്കു ഇപ്പോഴുമറിയില്ലയെന്നും സൂര്യ പറഞ്ഞിരുന്നു. രണ്ടുവട്ടം ഫൈനലില്‍ കണ്ണീരോടെ മടങ്ങിയ ഇന്ത്യ മൂന്നാം വട്ടമാണു ജേതാക്കളായത്. ദക്ഷിണാഫ്രിക്കന്‍ വനിതകളും ആദ്യകിരീടം ലക്ഷ്യമിട്ടാണു കളിച്ചത്.
1983-ലെ ലോകകപ്പില്‍ 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്‌സിന് മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ചു. ബാറ്റില്‍ നിന്നും പന്ത് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മിഡ് വിക്കറ്റ് ഏരിയയില്‍ ഫീല്‍ഡര്‍മാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികള്‍ പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാല്‍ കപില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്ന് കപില്‍ ഓടി. മറ്റൊരു ഭാഗത്തു നിന്ന് യശ്പാല്‍ ശര്‍മയും. ഇതുകണ്ട് ശര്‍മയോട് ഓട്ടം നിര്‍ത്താന്‍ മദന്‍ ലാല്‍ അലറി. അവിശ്വസനീയമായി കപില്‍ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോള്‍ അദ്ദേഹം 18 മീറ്റര്‍ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് പിറന്നുകഴിഞ്ഞിരുന്നു. അതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.
പിന്നീട് 2007 സെപ്തംബര്‍ 24-നാണ് ഇന്ത്യ മറ്റൊരു ലോക കിരീടം നേടുന്നത്. അന്ന് ഇന്ത്യയുടെ എതിരാളി ചിരവൈരികളായ പാകിസ്താനായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഒരു ഘട്ടത്തില്‍ ആറിന് 77 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മിസ്ബാഹ് ഉള്‍ ഹഖിന്റെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയ്ക്ക് ഭീഷണിയായി. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ രണ്ടു പന്തില്‍ മിസ്ബാഹ് ഏഴു റണ്‍സ് നേടി. ഓവറിലെ മൂന്നാം പന്ത് പക്ഷേ സ്‌കൂപ്പ് ചെയ്യാനാണ് മിസ്ബാഹിന് തോന്നിയത്. ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് ശ്രീശാന്തിന്റെ കൈയിലെത്തു വരെ എല്ലാവരുടെയും ഉള്ളില്‍ നെഞ്ചിടിപ്പായിരുന്നു. പന്ത് ശ്രീയുടെ കൈക്കുള്ളില്‍ ഭദ്രം, ഇന്ത്യയ്ക്ക് കിരീടവും.




