Featured Sports

മിന്നിച്ചേക്കണേ…. എല്ലാ കണ്ണുകളും സഞ്ജുവില്‍… ഹോം ഗ്രൗണ്ടിലെ മത്സരം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.
ഇന്ത്യ പരമ്പരയില്‍ 3-1 നു മുന്നിലാണ്. നാലാം ട്വന്റി20 യിലെ തോല്‍വി ടീമിനു ക്ഷീണമായി. മൂന്നാം തവണയാണു ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി20 മത്സരം നടക്കുന്നത്. 2022 ലും 2023 ലുമാണു മത്സരങ്ങള്‍ നടന്നത്. രണ്ടിലും ഇന്ത്യയാണു ജയിച്ചത്. 2023 നവംബര്‍ 26 നു നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 235 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അന്നു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടായിരുന്നില്ല. ഇന്നത്തെ പ്രധാന ആകര്‍ഷണം സഞ്ജുവാണ്. താരത്തിന്റെ ഫോമിനെക്കുറിച്ചുള്ള ആശങ്കയും സജീവമാണ്. ട്വന്റി20 ലോകകപ്പിനു മുമ്പുള്ള അവസാന മത്സരം കൂടിയാണിത്.
2022 സെപ്റ്റംബര്‍ 28 നു നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 106 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 16.4 ഓവറില്‍ 110 റണ്ണെടുത്തു. ഈ മത്സരത്തില്‍ ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചത്. പരമ്പര നേടിയതു കൊണ്ടു തന്നെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താനിടയില്ല. ലോകകപ്പ് മുന്‍നിര്‍ത്തി ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയും ഇഷാന്‍ കിഷനെയും കരുതലായി കളിപ്പിക്കാനിടയില്ല.
സ്വന്തം തട്ടകത്തില്‍ സഞ്ജു സാംസണ്‍ അടിച്ചു തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യ തോറ്റ നാലാം ട്വന്റി20 യില്‍ മാത്രമാണു സഞ്ജു നിലവാരത്തിലെത്തിയത്. ഓപ്പണര്‍ കൂടിയായ സഞ്ജു നാല് ഇന്നിങ്‌സുകളിലായി 40 റണ്ണാണെടുത്തത്. സഞ്ജു മികവിലേക്കു വരുമെന്ന് ബാറ്റിങ് കോച്ച് സിദ്ധാന്‍ശു കോടക് പറഞ്ഞു.

സാധ്യതാ ടീം: ഇന്ത്യ – അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍/ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (നായകന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ/അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി/ കുല്‍ദീപ് യാദവ്.

ന്യൂസിലന്‍ഡ് ടീമിലും മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ജെയിംസ് നീഷാമിന് ലോകകപ്പിനു മുമ്പ് ഒരു അവസരം നല്‍കാന്‍ സാധ്യതയുണ്ട്.
സാധ്യതാ ടീം: ന്യൂസിലന്‍ഡ് – ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ, റാചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഗ്ളെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍ (നായകന്‍), സാക് ഫോക്‌സ്/ജെയിംസ് നീഷാം, മിച്ചല്‍ ബ്രേസ്‌വെല്‍/ഇഷ് സോധി, കെയ്ല്‍ ജാമിസണ്‍/ മാറ്റ് ഹെന്റി, ജേക്കബ് ഡഫി.