Featured Oddly News

അല്‍ബേനിയന്‍ എ.ഐ. മന്ത്രി ഗര്‍ഭിണി; ജന്മമെടുക്കുന്നത്‌ 83 മക്കളെന്ന് പ്രധാനമന്ത്രി !

ടിറാനെ: നിര്‍മിത ബുദ്ധി (എ.ഐ)യില്‍ പിറവിയെടുത്ത അല്‍ബേനിയന്‍ മന്ത്രി ഡിയേല ‘ഗര്‍ഭിണി’. ജന്മമെടുക്കാന്‍ പോകുന്നത്‌ 83 കുട്ടികള്‍! ബെര്‍ലിനില്‍ നടന്ന രാജ്യാന്തര പരിപാടിയില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

പാര്‍ലമെന്റ്‌ സെഷനുകള്‍ നഷ്‌ടമാകുന്ന അംഗങ്ങളെ സഹായിക്കാന്‍ ‘ഡിയേലയുടെ മക്കളെ’ ഉപയോഗിക്കാനാണു തീരുമാനമെന്ന്‌ റാമ പറഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ സഹായികളെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. സഭയില്‍ നടക്കുന്ന സര്‍വസംഭവങ്ങളും സഹായികള്‍ റെക്കോഡ്‌ ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ലമെന്റ്‌ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക്‌ അന്നേദിവസം നടന്ന സംഭവങ്ങള്‍ ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. അക്ഷരാര്‍ഥത്തില്‍ അംഗങ്ങളുടെ സഹായികളായിരിക്കും ഡിയേലയുടെ മക്കള്‍.

സഭയിലെ സര്‍വസംഭവങ്ങളുടെയും രേഖ ഇവരുടെ പക്കലുണ്ടാകും. മക്കള്‍ക്ക്‌ അമ്മ ഡിയേലയുടെ അറിവുണ്ടായിരിക്കും. ഉദാഹരണത്തിന്‌ അംഗങ്ങളിലൊരാള്‍ ചായ കുടിക്കാന്‍ പോയി തിരികെ വരുന്ന സമയത്തിനുള്ളില്‍ സഭയില്‍ നടന്ന കാര്യങ്ങളെപ്പറ്റി അയാളെ ധരിപ്പിച്ച്‌ ആരെ എതിര്‍ക്കണമെന്നതിലടക്കം വ്യക്‌തത നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അല്‍ബേനിയയുടെ പൊതുഭരണസംവിധാനം സുതാര്യവും അഴിമതി രഹിതവുമാക്കാനായി സെപ്‌റ്റംബറിലാണ്‌ സൂര്യന്‍ എന്ന്‌ അര്‍ഥംവരുന്ന ഡിയേലയെ നിയമിച്ചത്‌. മനുഷ്യനല്ലാത്ത ഒരു മന്ത്രിയെ ലോകചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച രാജ്യമായി അല്‍ബേനിയ ഇതോടെ ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്‌തു. പരമ്പരാഗത അല്‍ബേനിയന്‍ വസ്‌ത്രം ധരിച്ച ഒരു സ്‌ത്രീയായാണ്‌ എ.ഐയില്‍ സൃഷ്‌ടിച്ച മന്ത്രിയെ ചിത്രീകരിച്ചിരിക്കുന്നത്‌. പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനും നൂറുശതമാനം അഴിമതിരഹിതമാക്കാനും ഡിയേലയ്‌ക്ക്‌ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്‌.