Celebrity

‘ആരാണ് കിംവദന്തികള്‍ പരത്തിയതെന്ന് അറിയാം, ചിലര്‍ എന്റെ പരാജയങ്ങള്‍ ആഘോഷിക്കുന്നു’- അക്ഷയ് കുമാര്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ്. എന്നാല്‍ അക്ഷയ് കുമാറിന് അടുത്ത കാലത്തൊന്നും ബോക്സ് ഓഫീസില്‍ മികച്ച ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സൂര്യ നായകനായ ഹിറ്റ് തമിഴ് ചിത്രമായ ‘സൂരറൈ പൊട്ര്’വിന്റെ റീമേക്ക് ആയ ‘സര്‍ഫിറ’യാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ 10 റിലീസുകളില്‍ രണ്ട് ക്ലീന്‍ ഹിറ്റുകള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്.

അക്ഷയ് കുമാര്‍ ദിവസത്തില്‍ എട്ട് മണിക്കൂര്‍ വര്‍ക്ക് പോളിസി പാലിക്കുന്നുണ്ടെന്നും വളരെ അച്ചടക്കമുള്ള ആളാണെന്നുമാണ് അറിയപ്പെടുന്നത്. ചിലര്‍ തന്റെ പരാജയങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് തുറന്നു പറയുകയാണ് അക്ഷയ് കുമാര്‍. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. അക്ഷയ് കുമാര്‍ തന്റെ പ്രതിബദ്ധതയില്ലായ്മയെക്കുറിച്ചുള്ള കിംവദന്തികള്‍ എങ്ങനെയാണ് പ്രചരിക്കുന്നത് എന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞു. ആരാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടതെന്നും തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ പ്രചരണം ആരാണ് ആരംഭിച്ചത് എന്നതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഇതിന് പിന്നില്‍. അങ്ങനെയാണ് ഇത് ആരംഭിക്കുന്നത്. അവര്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു… ഇപ്പോള്‍ അവര്‍ മുമ്പ് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? അവര്‍ പറയുമായിരുന്നു. ‘അക്ഷയ്യുടെ സിനിമകള്‍ക്ക് അധികം സമയമെടുക്കില്ല, അവന്‍ കൃത്യസമയത്ത് വരുന്നു, കൃത്യസമയത്ത് പോകുന്നു. ഞാന്‍ ഒരേ സമയം 17 സിനിമകള്‍ ചെയ്യുമായിരുന്നു, എട്ട് മാസത്തിനുള്ളില്‍ അവ റിലീസ് ചെയ്യുമായിരുന്നു; അത്രമാത്രം കാര്യക്ഷമതയോടെയാണ് എന്നെ പരിഗണിച്ചത്… എന്നാല്‍ ഇപ്പോള്‍ എന്റെ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ ഞാന്‍ സിനിമയ്ക്ക് വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്നാണ് അവര്‍ ആരോപിയ്ക്കുന്നത് ” – അക്ഷയ് കുമാര്‍ പറയുന്നു.

‘എന്റെ സിനിമകള്‍ വിജയിച്ചില്ലെങ്കിലും കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. ആളുകള്‍ അത് കാണാന്‍ ഇഷ്ടപ്പെടുന്നു, അവര്‍ സന്തോഷിക്കുന്നു. ഞാന്‍ തന്നെ കണ്ടതാണ്…’ അക്ഷയ് പറഞ്ഞു. ഈ വര്‍ഷം ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’ എന്ന ചിത്രത്തിലൂടെ താരത്തിന് വലിയ പരാജയമായിരുന്നു. ചിത്രത്തിന് വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. ചിത്രത്തില്‍ ടൈഗര്‍ ഷ്‌റോഫും പൃഥ്വിരാജും അഭിനയിച്ചിരുന്നു.

വ്യവസായ രാഷ്ട്രീയത്തെക്കുറിച്ചും അത് അപലപനീയമാണെന്നും താരം സംസാരിച്ചു. ” ഇന്ന് വരെ, 33-34 വര്‍ഷത്തിനിടയില്‍ ഞാന്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല. നിങ്ങള്‍ക്ക് ആരുടേയും പേര് എടുക്കാനും അയാളെ മോശമായി ചിത്രീകരിയ്ക്കാന്‍ അവകാശമില്ലെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ഞാന്‍ ആളുകള്‍ക്ക് ഈ ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ താഴ്ത്തരുത്. അത്തരം രീതികള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ കാണുന്നു, സിനിമ മേഖലയില്‍ കാണുന്നു.” – അദ്ദേഹം പറഞ്ഞു.