Celebrity

ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്​ കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്​ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്.

മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന സമയത്തും താരത്തിന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഉണ്ടായിരുന്നു. കൈയ്ക്കേറ്റ പരുക്കിന്റെ കാരണം ഇപ്പോളും വ്യക്തമല്ല. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താരം ഫ്രാന്‍സിലേക്ക് പുറപ്പെട്ടതെന്നും തിരികെ നാട്ടിലെത്തിയാലുടന്‍ ശസ്​ത്രക്രിയയ്ക്ക് വിധേയയാകുമെന്നും പ്രമുഖ ദേശീയ മാധ്യമം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ വര്‍ഷവും കാന്‍ ഫെസ്റ്റിവലിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ. ഇത്തവണ പരുക്ക് കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കാനാകാത്ത സാഹചര്യത്തിലും തികച്ചും പ്രൊഫണല്‍ സമീപനമാണ് ഐശ്വര്യ സ്വീകരിച്ചതെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ലോറിയൽ പാരീസ് എന്ന പ്രമുഖ ആഗോള ബ്രാന്‍ഡിന്റെ അംബാസിഡറായാണ് താരം കാന്‍ ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഗൗണിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്. മയൂരഭംഗിയില്‍ തിളങ്ങിയ ലോകസുന്ദരിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.