Lifestyle

വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍

കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്.

ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ 2022ലാണ് ഇയാള്‍ സ്ഥാപനം ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിക്ക് കൈമാറി. കോടികളാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ ഈ തുക ചിലവാക്കി കളയാന്‍ തിമോത്തി തയ്യാറായില്ല. അതിന് പിന്നില്‍ ചില കാരണങ്ങളുമുണ്ടെന്ന് കൂട്ടിക്കോളൂ.

സൗത്ത് ലണ്ടനിലെ ഒരു പൊതുതാമസസൗകര്യത്തിലാണ് തിമോത്തി ബാല്യകാലം മുഴുവന്‍ കഴിഞ്ഞത്. കഷ്ടപ്പാട് അറിഞ്ഞ് ജീവിച്ചതിനാല്‍ തന്നെ പണം ധൂര്‍ത്തടിക്കാന്‍ തിമോത്തി തയ്യാറായില്ല. ചിലവാക്കിയതിന്റെ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ച് വയ്ക്കും.

ആഢംബര വീട് വാങ്ങിയിട്ട് ബിസിനസ് തിരക്ക് മൂലം അവിടെ താമസിക്കാന്‍ സമയം കിട്ടാതെ വരുമെന്നതും ഇതിന് ഒരു കാരണമാണ്. ഇതുവരെ ചെലവാക്കിയതില്‍ ഏറ്റവും വലിയ ആഢംബരമായി തിമോത്തി കാണുന്നത് മുന്‍പ് ഗേള്‍ ഫ്രണ്ട് ഉണ്ടായിരുന്ന കാലത്ത് രണ്ട് പേര്‍ക്കുമായി ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തതാണ്.

ഒരു വാടക വീട്ടില്‍ കഴിഞ്ഞുകൊണ്ട് തന്റെ കൈവശമുള്ള ഫണ്ട് എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്നതിനെ കുറിച്ചും തിമോത്തിക്ക് പ്ലാനുണ്ട്. ഫണ്ട് രണ്ടായി ഭാഗിച്ച് ഒന്ന് സുരക്ഷിതമായി ബിസിനസിലേക്കും മറ്റൊന്ന് എക്സോട്ടിക് ബിസിനസിലുമാണ് അദ്ദേഹം ചെലവഴിക്കുന്നത്.