Featured Oddly News

നഷ്‌ടപ്പെട്ട രാജ്യം തിരിച്ചുപിടിക്കാന്‍ ബ്രിട്ടനിലെത്തിയ രാജാവ്‌ ‘പിടിയില്‍’

ലണ്ടന്‍: നാലു നൂറ്റാണ്ടു മുമ്പ്‌ നഷ്‌ടപ്പെട്ട ‘രാജ്യം’ തിരിച്ചുപിടിക്കാന്‍ യു.കെയിലെത്തിയ ആഫ്രിക്കന്‍ ഗോത്രത്തലവന്‍ പിടിയില്‍. സ്‌കോട്‌ലന്‍ഡിലെ വനത്തില്‍ ക്യാമ്പ്‌ ചെയ്‌തിരുന്ന അദ്ദേഹത്തെയും ‘രാജ്‌ഞി’മാരെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍ നീക്കം ചെയ്‌തു.
ഘാനയില്‍നിന്നുള്ള കോഫി ഓഫെ (36), സിംബാബ്‌വെയില്‍നിന്നുള്ള ജീന്‍ ഗാഷോ (42), ടെക്‌സസില്‍നിന്നുള്ള കൗറ ടെയ്‌ലര്‍ എന്നിവരാണു പിടിയിലായത്‌. അവര്‍ ജെഡ്‌ബര്‍ഗിനടുത്തുള്ള താല്‍ക്കാലിക ക്യാമ്പില്‍ മാസങ്ങളായി താമസിച്ചുവരികയായിരുന്നു.
അത്തെഹെ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രാജാവാണ്‌ കോഫി ഓഫെ. ജീന്‍ ഗാഷോ രാജ്‌ഞിയും.
400 വര്‍ഷം മുന്‍പ്‌ തങ്ങളുടെ പൂര്‍വികരില്‍നിന്ന്‌ മോഷ്‌ടിക്കപ്പെട്ട ഭൂമി ‘തിരികെ എടുക്കുകയാണ്‌’ ലക്ഷ്യമെന്നാണ്‌ അവരുടെ വാദം. കാട്ടില്‍ താമസിച്ചെങ്കിലും പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരുന്നു ജീവിതം. തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങള്‍ സംസാരിച്ചാണ്‌ ഇരുവരും പ്രശസ്‌തരായത്‌. മേയ്‌ അവസാനമാണ്‌ അവരുടെ താമസം യു.കെയില്‍ ചര്‍ച്ചയായത്‌.
ഇന്നലെ രാവിലെ മാധ്യമങ്ങളുടെയും ഇന്‍ഫ്ലുവന്‍സര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്‌ഥരുടെ നടപടി.
അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ സംഘത്തിനു രണ്ട്‌ നോട്ടീസുകള്‍ നല്‍കിയിരുന്നതായി പോലീസ്‌ അറിയിച്ചു. കൗറയെ നാട്ടിലെത്തിക്കാനുള്ള ശ്രമം അവരുടെ യു.എസിലെ ബന്ധുക്കള്‍ തുടങ്ങിയിട്ടുണ്ട്‌. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഓഫെയും ഗാഷോയും ചേര്‍ന്നാണ്‌ അവരെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന്‌ ആരോപണമുണ്ട്‌. അവരെ കാണാനില്ലെന്നു കാട്ടി യു.എസിലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ‘രാജകുടൂംബത്തിലെ’ പരിചാരിക എന്ന സ്‌ഥാനമായിരുന്നു അവര്‍ക്കെന്നാണു സൂചന. അവര്‍ ഓഫെയുടെ രണ്ടാമത്തെ ഭാര്യയാണെന്നും വാദമുണ്ട്‌. തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ‘രാജകുടുംബം’ സാമൂഹിക മാധ്യമങ്ങളില്‍ പതിവായി സന്ദേശങ്ങളിട്ടിരുന്നു. വനങ്ങളില്‍ ക്യാമ്പ്‌ ചെയ്യുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. തങ്ങളുടെ രാജ്യം ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല എന്ന്‌ അവര്‍ ആവര്‍ത്തിച്ച്‌ പറയുമായിരുന്നു.
‘കിങ്‌ഡം ഓഫ്‌ കുബാല ആയിരം വര്‍ഷം സംസാരിക്കപ്പെടും.’ എന്ന കുറിപ്പിട്ടശേഷമാണു ഉദ്യോഗസ്‌ഥര്‍ക്കൊപ്പം ഓഫെ പോയത്‌.
സാമൂഹിക മാധ്യമങ്ങളില്‍നിന്നു വിവരമറിഞ്ഞ്‌ നിരവധി സന്ദര്‍ശകര്‍ അവര്‍ക്കുണ്ടായിരുന്നു. ‘രാജാവിനെ’ സമീപിക്കണമെങ്കില്‍ വഴിപാടുകള്‍- സാധാരണയായി ഭക്ഷണവും പാനീയങ്ങളും നല്‍കേണ്ടിയിരുന്നു. ചില നാട്ടുകാര്‍ അവരുമായി ഏറ്റുമുട്ടിയിരുന്നു.