നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിൽ പരാമർശിക്കപ്പെട്ട ശ്രീലക്ഷ്മിയും, മാഡവുമടക്കം പലരെയും കുറിച്ചും വേണ്ടത്ര അന്വേഷണം നടത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പരാജയമാണ് ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ഉത്തരവിൽ വ്യക്തം.
പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്. നടൻ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന്റെ ഉത്തരം മാത്രമല്ല, കേസിൽ എന്തൊക്കെ സംഭവിച്ചു എന്നതിന്റെ തെളിവാണ് 1709 പേജുള്ള വിധിന്യായം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് രാത്രി 10.30-നും 10.48-നും ഇടയിലാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇതിന് വെറും അരമണിക്കൂർ മുമ്പ് വരെ ശ്രീലക്ഷ്മി എന്ന സ്ത്രീ പൾസർ സുനിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 23-ന് സുനി അറസ്റ്റിലായ ശേഷവും ഇവർ ഫോണിൽ വിളിച്ചതായി കോടതി കണ്ടെത്തി. എന്നാൽ സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്ന ഇവരെ സാക്ഷിയാക്കിയില്ലെന്ന് മാത്രമല്ല, ഇവരുടെ ഫോൺ വിവരങ്ങളോ ടവർ ലൊക്കേഷനോ കോടതിയിലെത്തിച്ചില്ല. സ്വകാര്യത ചൂണ്ടിക്കാട്ടി ഫോണിലെ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തു. ഇതിനെയാണ് കോടതി വിമർശിക്കുന്നത്.
പരാതിക്കാരി ആക്രമിക്കപ്പെട്ടതിന്റെ സ്വകാര്യദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നിട്ടില്ലെന്നു വിധിന്യായത്തില്‍ പരാമര്‍ശം. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ സുരക്ഷിതമാണെന്നും ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അതേസമയംസ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ വിചാരണയുടെ പല ഘട്ടങ്ങളില്‍ ഉയര്‍ന്നു. കോടതിയില്‍ തെളിവായി ഹാജരാക്കിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളടങ്ങിയ എട്ടുഫയലുകളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു.
പരാതിക്കാരിയുടെ സ്വകാര്യത ഒരുഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം വാദത്തിന്റെ അവസാനഘട്ടത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറും സമ്മതിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കാണാതായതിനെ കുറിച്ചും വിധിന്യായത്തില്‍ പറയുന്നു. ആ ഫോണ്‍ കണ്ടെത്താനുള്ള കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നു കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നടിയോടു ദിലീപിനു വിരോധമുണ്ടായിരുന്നുവെന്നു തെളിയിക്കാന്‍ തക്കവിധത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു. ഗൂഢാലോചനയുമായും പള്‍സര്‍ സുനി ദിലീപുമായി നടത്തിയ കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ടു ഹാജരാക്കിയ സാക്ഷികളും തെളിവുകളും പര്യാപ്തമല്ലെന്നും വിധിന്യായത്തില്‍ കോടതി എടുത്തുപറയുന്നു.
ദിലീപ് ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ വാദിക്കുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് ആദ്യമായി അയച്ചു നൽകുന്നത് ഷോൺ ജോർജ് ആണ്. എന്നാൽ ഷോൺ ജോർജിനെ സാക്ഷിയാക്കുകയോ വിസ്തരിക്കുകയോ ചെയ്തില്ല. കേസുമായി ബന്ധപ്പെട്ട് ദിലീപ് 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണസംഘം പറയുമ്പോൾ, ചാറ്റ് ചെയ്തവരെകുറിച്ചോ, അവർക്ക് കേസിലുള്ള പങ്കിനെ കുറിച്ചോ കോടതിക്ക് മുന്നിൽ തെളിവുകൾ എത്തിയില്ല.




