ഓഫീസിലെ വലിയ വലിയ ജോലികളില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പ്രയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ മനപൂര്‍വ്വം തന്നെ കമ്പനിയെയും കൂടെയുള്ളവരേയും കബളിപ്പിയ്ക്കുന്ന കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച യുവാവിന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. @TheArnabSaha എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, താന്‍ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതല്‍ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതില്‍ പെടുന്നതായാണ് യുവാവ് പറയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ തുറന്നു പറയുന്നത് ആദ്യമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ പറയുന്നത്. താന്‍ ഒരു മണ്ടനെപ്പോലെ പെരുമാറുമെന്ന് യുവാവ് പറയുന്നു. താന്‍ എപ്പോഴും രോഗിയാണെന്ന് നടിയ്ക്കുമെന്നും, രോഗിയാണെന്ന് തോന്നിപ്പിയ്ക്കുന്ന വസ്ത്രങ്ങളാണ് ധരിയ്ക്കുന്നതെന്നും യുവാവ് കുറിയ്ക്കുന്നു. ആരെങ്കിലും തന്നോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, ലോണ്‍ ഇഎംഐ, തുടങ്ങി ആളുകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത മറ്റ് വിഷയങ്ങളാണ് താന്‍ തിരിച്ച് സംസാരിയ്ക്കുന്നതെന്നും യുവാവ് പറയുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ചും യുവാവ് അക്കമിട്ടു പറയുന്നുണ്ട്.
തന്റെ ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ട് എല്ലാവര്‍ക്കും തന്നോട് സഹതാപം തോന്നുന്നുവെന്നും, നല്ല ഭക്ഷണം കഴിക്ക്, ജിമ്മില്‍ പോകാന്‍ ശ്രമിക്കൂ തുടങ്ങിയ ഉപദേശങ്ങള്‍ അപ്പോള്‍ അവര്‍ തനിക്ക് തരുന്നുവെന്നും യുവാവ് പറയുന്നു. മാത്രമല്ല, മറ്റുള്ളവരെ അപേക്ഷിച്ച് തനിക്ക് കുറച്ച് ജോലി മാത്രമേ തരൂവെന്നും അതുകൊണ്ടു തന്നെ തന്നിലുള്ള പ്രതീക്ഷകളും വളരെ കുറവാണെന്നും യുവാവ് പറയുന്നു. എന്നാല്‍ തന്നെ ഏല്‍പ്പിച്ച എല്ലാ ജോലികളും താന്‍ പൂര്‍ത്തിയാക്കും (അതിനാല്‍ തന്നെ വളരെ മോശം അവസ്ഥയിലാണെങ്കിലും ഇപ്പോഴും വളരെ ഉത്തരവാദിത്തമുള്ളവനാണല്ലോ ഇവന്‍ എന്ന് എന്നെ കുറിച്ച് അവര്‍ക്ക് തോന്നുന്നു) എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ യുവാവിനെ വിമര്‍ശിച്ച് കൊണ്ട് പലരും രംഗത്ത് എത്തി. പിന്നീട്, ഇതിന് മറുപടിയും യുവാവ് നല്‍കി. താന്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്നും തനിക്ക് വയ്യായ്ക ഉണ്ട്, വീട്ടില്‍ പ്രാരാബ്ദങ്ങളുണ്ട് എന്നുമാണ് യുവാവ് പറയുന്നത്. മാത്രമല്ല, കുറച്ചുനാളുകള്‍ മാത്രമേ താന്‍ ഇങ്ങനെ ചെയ്തുള്ളൂവെന്നും അത് കഴിഞ്ഞ് കുറച്ചു നാളുകളായി ഇപ്പോള്‍ ഇങ്ങനെയൊന്നും ചെയ്യാറില്ലെന്നും യുവാവ് പറഞ്ഞു.




