നെടുങ്കണ്ടം: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് പിതൃസഹോദരി തന്നെ. പ്രതിയായ ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനിയില്‍ തങ്കമ്മയെ (84) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ 24 നായിരുന്നു കൊലപാതകം നടന്നത്. ആസിഡ് ഒഴിച്ച് സഹോദരന്റ മകനായ സുകുമാരനെ കൊലപ്പെടുത്തുകയായിരുന്നു.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 15 ദിവസം മുമ്പാണ് ഇവര്‍ കുഴിത്തോളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയത്. സുകുമാരനെ അപായപ്പെടുത്തുവാനായി ആസിഡ് കോട്ട്യം- ഏറ്റുമാനൂരുനിന്നും കൊണ്ടുവന്നതായി ഇവര്‍ സമ്മതിച്ചു. സുകുമാരന്റെ തലയിലൂടെയാണ് ആസിഡ് ഒഴിച്ചത്. ഇതിനിടയില്‍ തങ്കമ്മയുടെ ശരീരത്തിലും ആസിഡ് വീണ് പൊള്ളലേറ്റു. ഇവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആരോഗ്യസ്ഥിതി നേരെയാകുന്നതുവരെ ആശുപത്രിയില്‍ തന്നെ തുടരുവാനാണ് പോലീസ് നിര്‍ദേശിച്ചിട്ടുള്ളത്.




