Featured Sports

ഹാട്രിക് ഡക്കുമായി അഭിഷേക് ശര്‍മ്മ;സഞ്ജുവിനായി മുറവിളി കൂട്ടി ആരാധകർ, സൂപ്പർ എട്ടിന് മുൻപ് ഇന്ത്യക്ക് തലവേദന

അഹ്മദാബാദിൽ നെതർലൻഡ്സിനെതിരെ നടന്ന ലോകകപ്പ് മത്സരത്തിലും ഓപ്പണർ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് റണ്ണൊന്നുമെടുക്കാതെ മടങ്ങുന്നത്. ആര്യൻ ദത്തിന്റെ സ്പിന്നിന് മുന്നിൽ ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്. നേരത്തെ യു.എസ്.എ, പാകിസ്താൻ എന്നിവർക്കെതിരായ മത്സരങ്ങളിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു.

വയറിലെ അണുബാധയെത്തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേകിന് വിശ്രമം അനുവദിച്ചപ്പോൾ പകരക്കാരനായി എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 8 പന്തിൽ 22 റൺസെടുത്ത സഞ്ജു, ഹാട്രിക് സിക്സറുകളിലൂടെ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകിയിരുന്നു. അഭിഷേകിന്റെ തുടർച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സഞ്ജു ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടത് ടീം മാനേജ്മെന്റിനെ മാറി ചിന്തിപ്പിച്ചേക്കാം.

സൂപ്പർ എട്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ എന്നിവരെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അക്സർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവിന് പകരം അർഷിദീപ് സിങ്ങും അന്തിമ ഇലവനിലിടം പിടിച്ചു.

16 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 153റൺസ് എന്ന നിലയിലാണ് ഇന്ത്യ. അഭിഷേകിന് പുറമെ ഏഴ് പന്തിൽ 18 റൺസടിച്ച ഇഷാൻ കിഷനാണ് പുറത്തായത്. തിലക് വർമക്കൊപ്പം (31) ക്യാപ്റ്റൻ സൂര്യകുമാറാണ് (34) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 50 റണ്‍സുമായി റണ്‍സുമായി ശിവം ദുബെയും 15 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡേയുമാണ് ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *