Lifestyle

തസ്ലീമ നസ്രിന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തോക്കുമായി യുവാവ്, വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകന്‍, സ്വയരക്ഷയ്ക്കെന്ന് വിശദീകരണം

കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തില്‍ തോക്കുമായി വന്ന യുവാവ് പിടിയില്‍. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലിറ്റ്മസ് 25 എന്ന പരിപാടിയിലാണു സംഭവം.

ഉദയംപേരൂര്‍ സ്വദേശിയായ അജീഷിനെയാണു സുരക്ഷാ പരിശോധനക്കിടെ പോലീസ് പിടികൂടിയത്. വിദ്യാധരന്‍ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവനു ഭീഷണിയുള്ളതിനാലാണു തോക്ക് സൂക്ഷിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തോക്കിനു ലൈസന്‍സ് ഉണ്ടെന്നും യുവാവ് വിശദീകരിച്ചു. 2030വരെ ലൈസന്‍സ് ഉള്ളതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചു.

തോക്കുമായി ഇയാളെ കണ്ട കാര്യം ആളുകള്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതു ബോംബ് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടതോടെ പരിഭ്രാന്തി ഉയര്‍ന്നു. പിന്നാലെ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പോലീസും ബോംബ് സ്ക്വോഡും എത്തി പരിശോധന നടത്തി. ഇതിനിടെയാണു തോക്കുമായി അജീഷിനെ കണ്ടെത്തിയത്. കര്‍ശന പരിശോധനയ്ക്കുശേഷം ആളുകളെ കടത്തിവിട്ടു പരിപാടി പുനഃരാരംഭിച്ചു.

25-ലെ എസെന്‍സ് ആജീവനാന്ത പുരസ്കാരം തസ്ലീമ നസ്രിനാണ്. തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും മതനിഷേധവും അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും കണക്കിലെടുത്താണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണിത്. കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രഫ ടി.ജെ. ജോസഫില്‍നിന്നു തസ്ലീമ പുരസക്കകാരം ഏറ്റുവാങ്ങി.