മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്.
രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് നിർബന്ധിച്ചത്.
എന്നാൽ മന്ത്രവാദംകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ രാജീല ഇത് ചെയ്യാൻ വിസമ്മതിച്ചു. പ്രകോപിതനായ സജീർ അടുക്കളയിൽ തിളപ്പിച്ചുവെച്ചിരുന്ന മീൻകറി എടുത്ത് രാജീലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മീൻകറിയുടെ ചൂടിൽ രാജീലയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു.
ഉടൻതന്നെ രാജീലയെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് രാജീലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണം നടത്തിയ ഭർത്താവ് സജീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.




