സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് തിരക്കേറിയ റോഡുകളോട് ചേര്‍ന്ന് വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ച് വീടാണ്. ചൈനയുടെ പല ഭാഗങ്ങളിലും വികസിത നഗരങ്ങള്‍ക്ക് നടുവില്‍ ഇത്തരം വീടുകള്‍ കാണാം. ഇവയെ ‘നെയില്‍ ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഴത്തില്‍ തറച്ചിരിക്കുന്ന, ഊരിയെടുക്കാന്‍ അത്ര എളുപ്പമല്ലാത്ത ആണികള്‍ പോലെയാണ് ഇവ എന്നതാണ് ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. എത്ര വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വന്നാലും വീട് കൊടുക്കാന്‍ തയാറാകാത്തവരാണ് ഇവയുടെ ഉടമകള്‍.
വീതിയുള്ള റോഡിനോട് ചേര്‍ന്ന് നിരത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ഈ വീട്. ഏറെ ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യമാണെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ ഇവിടെ താമസം തുടരുകയാണ് വീട്ടുകാര്‍. ഭരണകൂടം നിയമപരമായി സ്ഥലം ഏറ്റെടുക്കാത്തത് മൂലം കുടുംബത്തെ അവിടെ നിന്ന് ഒഴിപ്പിക്കുക സാധ്യമല്ല. എന്നാല്‍ വീട് ഇത്തരത്തില്‍ സ്ഥിതി ചെയ്യുന്നത് മൂലം ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. 30-40 നിലകളുള്ള കെട്ടിടങ്ങളാണ് വീടിന് വശത്തുമുള്ളത്. ഇതിനു പുറമേ വീടിന് ചുറ്റുമായി വന്‍കിട വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
ചെറുകുടിലുകള്‍ മാത്രമല്ല രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങളും ഇത്തരത്തില്‍ ഹൈവേകളുടെ ഒത്ത നടുവില്‍ കാണാം. വീട് ഒഴിയാന്‍ ഉടമ തയാറാകാത്തതു മൂലം വീടിനു ചുറ്റുമായി ഹൈവേ വളച്ച് നിര്‍മിക്കുക എന്നത് മാത്രമാണ് ഭരണകൂടങ്ങള്‍ക്കു മുന്നിലുള്ള പോംവഴി. ഇത് സുഗമമായ ഗതാഗതത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. ഇത്തരത്തില്‍ നിന്നുള്ള പല വീടുകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.