Good News

കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍

വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്.

”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. അതിനിടയില്‍ നിന്നും കുരങ്ങനെ രക്ഷിക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു,” എന്ന് എസ്എച്ച്ഒ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. സൂര്യാഘാതമേറ്റാണ് കുരങ്ങന്‍ ബോധം കെട്ട് വീണതെന്ന് വെറ്റിനറി ഡോക്ടറായ ഡോ. ഹരി ഓം ശര്‍മ്മ പറഞ്ഞു. കുരങ്ങന് നിര്‍ജ്ജലീകരണവും സംഭവിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

ഛത്തരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ വികാസ് തോമറാണ് അബോധാവസ്ഥയിലായ കുരങ്ങന് സിപിആര്‍ നല്‍കിയത്. ശേഷം കുരങ്ങന് വെള്ളം നല്‍കുകയും ചെയ്തു. പിന്നീട് കുരങ്ങന്റെ ശരീരം തണുപ്പിക്കാന്‍ കുപ്പിയില്‍ നിന്നും വെള്ളം കുരങ്ങന്റെ ശരീരത്തിലേക്ക് അദ്ദേഹം ഒഴിക്കുകയും ചെയ്തു. അതിന് ശേഷം പതിയെ പതിയെ കുരങ്ങനെ എഴുന്നേറ്റ് നില്‍ക്കാന്‍ ഇദ്ദേഹം സഹായിച്ചു. വീഡിയോയുടെ അവസാനം കുരങ്ങന് ബോധം വരികയും അത് എഴുന്നേറ്റ് നില്‍ക്കുന്നതും കാണാം.

”അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. മനുഷ്യരുടെയും കുരങ്ങന്‍മാരുടെയും ശരീരത്തിന് സമാനതകളുണ്ട്. അബോധാവസ്ഥയിലായ കുരങ്ങനെ എഴുന്നേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതേ സമയം മറ്റ് കുരങ്ങന്‍മാര്‍ എന്നെ ആക്രമിക്കാതിരിക്കാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 45 മിനിറ്റോളം കുരങ്ങന്റെ നെഞ്ചില്‍ അമര്‍ത്തി. ശരീരം നന്നായി തടവുകയും ചെയ്തു. കുറച്ച് വെള്ളം അതിന്റെ വായിലേക്കും ശരീരത്തിലേക്കും ഒഴിച്ചു. അങ്ങനെയാണ് കുരങ്ങന് ബോധം ലഭിച്ചത്. ഇപ്പോള്‍ കുരങ്ങന്‍ പോലീസ് സ്റ്റേഷനില്‍ വരികയും കളിക്കുകയും ചെയ്യുന്നുണ്ട്. അത് കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും,” – വികാസ് തോമര്‍ പറഞ്ഞു.