Lifestyle

ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!

ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്.

ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററന്റ് ആണ് സമ്മര്‍ സ്‌പെഷല്‍ വിഭവമായി അവരുടെ മെനുവില്‍ ഐസ് ആപ്പിള്‍ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനംനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനംനൊങ്ക്.

ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിള്‍ കറിയും പുലാവും ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ‘hyderabadbucketlist’ എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.

https://www.instagram.com/reel/C5TEfZ6JSmY/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==