ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നൽകിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് നില്‍ക്കവേയാണ് ഇയാള്‍ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതില്‍ തുറന്ന് കൊടുത്തത്. അവിടെനിന്ന് അയാള്‍ നേരെ അടുക്കളയിലേക്ക് അതിക്രമിച്ചു കയറി വരുകയായിരുന്നു. 3 മിനിട്ടില്‍ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാന്‍ പറ്റുമോ അയാള്‍ എന്നോട് ചെയ്തു. ഒടുവില്‍ ധരിച്ചിരുന്ന മാക്സി വലിച്ചുയര്‍ത്താന്‍ നോക്കിയപ്പോള്‍ ഞാന്‍ അയാളുടെ കൈയ്യില്‍ കടിച്ചു.
ലൈംഗികാതിക്രമം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഉറക്കെ മോളെ വിളിച്ചു. മോള് ഓടി വന്നതോടെയാണ് അയാളെന്നെ വിട്ടത്. ഇത് പുറത്ത് പറഞ്ഞാന്‍ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാള്‍ വീട്ടില്‍നിന്നും പോയത്. ഇയാള്‍ എന്റെ വിഡിയോ മോശമായി ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്തു. ഞാന്‍ ലഹരിക്കടിമയാണെന്നും, കഞ്ചാവ് വില്പനക്കാരിയാണെന്നും ചിത്രീകരിച്ചാണ് ഇയാള്‍ കുറിപ്പുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഭര്‍ത്താവ് ഗള്‍ഫിലുള്ള പല സ്ത്രീകള്‍ക്കും ഇയാളൊരു ശല്യമായി മാറിയിരിക്കുകയാണ്. ആരും ഈ പീഡന വിവരങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നത് കൊണ്ടാണ് ഇവന്‍ രക്ഷപ്പെട്ട് പോകുന്നത് – പരാതിയില്‍ പറയുന്നു.
പരാതിക്കാരിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. തുടർന്നു നിരന്തരം ഫോണിലൂടെ വിളിച്ച് ശല്യം ചെയ്തതായും പരാതിയിലുണ്ട്. സുബൈറുദ്ദീന് എതിരെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയതിനും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതിനുമാണ് കേസെടുത്തത്. ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവായ സുബൈർ ബാപ്പുവിനെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് പരാതിക്കാരി പറയുന്നത്.




