ഇൻഡോർ : കുംഭമേളയിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായ മൊണാലിസ ഭോസ്‌ലെയുടെ പിതാവ്, കാമുകനും നടനും മോഡലുമായ ഫർമാൻ ഖാനുമായി മകൾ പെട്ടെന്ന് വിവാഹിതയായതിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഭിനയിക്കാനായി ആളുകൾ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാൽ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവൾ വിവാഹം കഴിച്ചതായി കണ്ടെത്തിയതായും ദുഃഖിതനായ പിതാവ് പറഞ്ഞു. മകളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് അപേക്ഷ നൽകി.
ഖാർഗോൺ ജില്ലയിലെ മഹേശ്വർ സ്വദേശിയും നാടോടികളായ പാർധി സമുദായത്തിൽപ്പെട്ടവളുമായ മോണാലിസ ഭോസ്‌ലേ (18), കഴിഞ്ഞ ബുധനാഴ്ച പൂവാറിന് അടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് ഫർമാൻ ഖാനെ വിവാഹം കഴിച്ചത്.
കേരളത്തിൽ നിന്ന് തിരിച്ചെത്തിയ പിതാവ് ജയസിംഗ് ഭോസ്‌ലേ, തന്റെ മകൾ ‘ലവ് ജിഹാദിന്റെ’ ഇരയായെന്ന് ആരോപിച്ചു. മോണാലിസ സിനിമയിൽ അവസരങ്ങൾ തേടുകയാണെന്നും അഭിനയവും നൃത്തവും പഠിക്കുന്നുണ്ടെന്നുമാണ് താൻ അറിഞ്ഞിരുന്നതെന്ന് ജയസിംഗ് പറഞ്ഞു. സിനിമാ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ചിലർ തനിക്ക് പരിശീലനം നൽകുന്നുണ്ടെന്ന് അവൾ കുടുംബത്തോട് പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങൾ ഇത്തരമൊരു വഴിത്തിരിവിൽ എത്തുമെന്ന് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മോണാലിസയെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങളായ സമീർ മഹുലെയും ഭൂപേന്ദ്ര ചൗഹാനും പറഞ്ഞു.
എന്നാൽ, വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മോണാലിസ തന്റെ നിലപാട് വ്യക്തമാക്കി. തന്റെ ഇഷ്ടപ്രകാരമാണ് ഫർമാൻ ഖാനെ വിവാഹം കഴിച്ചതെന്നും ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും മോണാലിസ പറഞ്ഞു. ‘ലവ് ജിഹാദ്’ ആരോപണങ്ങൾ അവർ നിഷേധിച്ചു.
നാല് സഹോദരങ്ങളിൽ മൂത്തവളായ മോണാലിസ, തന്റെ അച്ഛന്റെ സഹോദരിയുടെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞു. താൻ ആ ആലോചന എതിർത്തതിനാലാണ് പിതാവിന് തന്നോട് ദേഷ്യമെന്നും മോണാലിസ കൂട്ടിച്ചേർത്തു.




