Celebrity

രാത്രി വൈകി വീട്ടിലെത്തുന്നത് ഞാന്‍ ചോദ്യം ചെയ്തു, ശീതള്‍ എന്നെ മര്‍ദ്ദിച്ചിട്ടില്ല, സംഭവിച്ചത് ഇതാണ്..; ഷക്കീലയുടെ വെളിപ്പെടുത്തല്‍

തന്റെ വളര്‍ത്തുമകള്‍ ശീതള്‍ തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് നടി ഷക്കീല. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ശീതള്‍ മര്‍ദിച്ചെന്ന് ഷക്കീല പരാതിപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്ന് ഒരു തമിഴ് മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ് ഷക്കീല ഇപ്പോള്‍. ബന്ധു കൂടിയായ ശീതളിനെ ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഷക്കീലയാണ്‌ വളര്‍ത്തിയിരുന്നത്.

‘‘ഞാന്‍ ദത്തെടുത്ത വളര്‍ത്തിയ മക്കളോട് ഞാന്‍ പറയുന്നത് അവരുടെ നല്ലതിന് വേണ്ടിയാണെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹം കാണിച്ചു. അവള്‍ എന്ത് പറഞ്ഞാലും എനിക്ക് അത് ഓക്കെയായിരുന്നു.ഈയിടെയായി അവള്‍ രാത്രി വളരെ വൈകിയാണ് വരുന്നത്. യാതൊരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. ഇക്കാര്യങ്ങള്‍ ഞാന്‍ ചോദ്യം ചെയ്തു. എന്തിനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് അവള്‍ ചോദിച്ചു.

പ്രശ്നം തുടങ്ങിയത് അങ്ങനെയാണ്. താന്‍ വീടുവിട്ടു പോകുകയാണെന്ന് പറഞ്ഞ് അവള്‍ ഇറങ്ങിപ്പോയി. ഇതാണ് സംഭവിച്ചത്. ഇനിയൊരു ബന്ധവും ഞാനുമായി ഇല്ലെന്ന് എഴുതി വാങ്ങാനാണ് അവളുടെ അഭിഭാഷക വന്നത്. എന്റെ വീട്ടില്‍ നടന്നത് നിങ്ങളുടെ വീട്ടിലും സംഭവിച്ചേക്കാം. അത് ഇത്രയും വലിയ വാര്‍ത്തയാക്കണ്ട ആവശ്യമുണ്ടോ? ഞാന്‍ വളര്‍ത്തിയ മകള്‍ എന്റെ ദേഹത്ത് എങ്ങനെ കൈ വയ്ക്കും.

അങ്ങനെയൊരുകാര്യവും സംഭവിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഒരുപാട് ഫോണ്‍ കോളുകള്‍ എനിക്ക് വരുന്നുണ്ട്.ശീതളിന്റെ പേര് മോശമാക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും അവള്‍ നന്നായിരിക്കട്ടെ. ഇത് തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് പുറത്ത് സംസാരവിഷയമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വളര്‍ത്തിയ എന്റെ എല്ലാ മക്കളും ഏതെങ്കിലും ഒരു ഘട്ടത്തില്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്” ഷക്കീല പറഞ്ഞു.