Oddly News

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ: 85കാരി 30 വര്‍ഷം നീണ്ട ‘മൗനവ്രതം’ അവസാനിപ്പിക്കുന്നു

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും അതിന്റെ പ്രതിഷ്ഠാദിനവുമെല്ലാം വന്‍ വിവാദമുണ്ടാക്കുമ്പോള്‍ ശ്രീരാമന്റെ അചഞ്ചല ഭക്ത ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം തന്റെ 30 വര്‍ഷം നീണ്ട 'മൗനവ്രതം' അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള 85 വയസ്സുള്ള സ്ത്രീയാണ് മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കുന്നത്.

1990 കളുടെ തുടക്കത്തില്‍ അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിനെത്തുടര്‍ന്ന് ഇവിടെ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി നിശബ്ദയായ സ്ത്രീ ധന്‍ബാദിലെ കര്‍മ്മതന്ദ് ഗ്രാമത്തില്‍ താമസിക്കുന്ന സരസ്വതി ദേവിയാണ്. ശ്രീരാമനോടുള്ള തന്റെ ഭക്തിയും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അവളുടെ തീവ്രമായ ആഗ്രഹവും പ്രകടിപ്പിച്ചുകൊണ്ടാണ് മൗനവ്രതം തുടങ്ങിയത്. 2020 വരെ ‘മൗനവ്രത’ത്തില്‍ നിന്ന് ഇടവേളയെടുത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നെങ്കിലും അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസം മുതല്‍ അവര്‍ പൂര്‍ണ്ണമായും നിശബ്ദയായി.

മൗനവ്രതം ലംഘിക്കാനുള്ള തീരുമാനം കുടുംബത്തില്‍ സന്തോഷവും പ്രതീക്ഷയും ആവേശവും നിറച്ചിരിക്കുകയാണ്. അവരുടെ ശബ്ദം വീണ്ടും കേള്‍ക്കുന്ന നിമിഷത്തിനായി വീട്ടുകാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ‘മൗനിമാതാ’ എന്നറിയപ്പെടുന്ന സരസ്വതി ദേവിക്കും കുടുംബത്തിനും രാമക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠാദിനത്തിലേക്ക് ഒഒരു പ്രത്യേക ക്ഷണവും കിട്ടിയിട്ടുണ്ട്. മൗനവ്രതം അനുഷ്ഠിക്കുന്ന സമയത്ത് താന്‍ അയോധ്യ, കാശി, മഥുര, തിരുപ്പതി ബാലാജി, ബാബ ബൈദ്യനാഥ് ധാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വര്‍ഷങ്ങളോളം ശ്രീരാമഭക്തിയില്‍ ചെലവഴിച്ചതായി ദേവി ഒരു കടലാസില്‍ എഴുതിയിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിനായുള്ള ക്ഷണം ശ്രീരാമനില്‍ നിന്നും മൗനവ്രതം അവസാനിപ്പിക്കാനുള്ള ആഹ്വാനമായി സരസ്വതി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്റെ നിശബ്ദത ശ്രീരാമന്റെ നാമം ജപിച്ചുകൊണ്ട് ഭഞ്ജിക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ‘ദശരഥന്‍’ എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘വസിഷ്ഠ’ മുനിയായും സങ്കല്‍പ്പിച്ച് അവര്‍ നരേന്ദ്ര മോദിയോടും യോഗി ആദിത്യനാഥിനോടും ആരാധന പ്രകടിപ്പിച്ചു. സരസ്വതി ദേവിയുടെ ആജീവനാന്ത സമര്‍പ്പണത്തിനും ത്യാഗത്തിനും മഹത്തായ ആദരവും സാഫല്യവും ലഭിച്ച നിമിഷമായി കണക്കാക്കി പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.