Movie News

ദുല്‍ഖറിനു പിന്നാലെ ജോജുവിനെയും തഗ്ഗ്‌ലൈഫില്‍ എടുത്തു ; കമല്‍-മണിരത്‌നം സിനിമയില്‍ മലയാളി സാന്നിദ്ധ്യം കൂട്ടുന്നു

കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന തഗ്‌ലൈഫില്‍ മലയാളി സാന്നിദ്ധ്യം കൂടുന്നു. ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജോജു ജോര്‍ജ്ജിനേയും സിനിമയിലേക്ക് ക്ഷണിച്ച് കമല്‍ഹാസന്‍. ഇതിഹാസ താരത്തിനൊപ്പം അഭിനയിക്കുന്ന വിവരം ജോജു ജോര്‍ജ്ജും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. മണിരത്‌നത്തിനും കമലിനുമൊപ്പമുള്ള ജോജുവിന്റെ ആദ്യ സിനിമയും രണ്ടാമത്തെ തമിഴ്‌സിനിമയുമാണ് തഗ്‌ലൈഫ്. നേരത്തേ ധനുഷ് നായകനായ സിനിമയിലൂജെ ജോജു തമിഴില്‍ എത്തിയിരുന്നു.

മണിരത്‌നവും കമല്‍ഹാസനും നല്‍കുന്ന വിവരം അനുസരിച്ച് ഇതൊരു ആക്ഷന്‍ ഡ്രാമ സിനിമയായിരിക്കും എന്നാണ് വിവരം. വിവിധ കാലഘട്ടത്തിലൂടെ വരുന്ന സിനിമ വയലന്‍സിലൂടെ കഥ പറയുന്ന രീതിയിലാണ് വരുന്നത്. കമല്‍ സിനിമയില്‍ രംഗരായര്‍ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. കമലിന്റെയും മണിരത്‌നത്തിന്റെയും മുന്‍ സിനിമ നായകനെ ഇത് അനുസ്മരിപ്പിക്കുന്നു.

സിനിമയില്‍ ജോജുവിനൊപ്പം തമിഴ്‌നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും മണിരത്‌നം സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മണിരത്‌നത്തിനൊപ്പമുള്ള ഗൗതത്തിന്റെ രണ്ടാമത്തെ സിനിമയാണ് തഗ്‌ലൈഫ്. മുമ്പ് കാതല്‍ എന്ന സിനിമയിലൂടെ ഗൗതത്തെ തമിഴ് സിനിമയിലേക്ക് ഇറക്കിയത് മണിരത്‌നമായിരുന്നു. ജയം രവിയും, തൃഷയും ഉള്‍പ്പെടെ വലിയ താരനിരയാണ് സിനിമയില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റയും കമലിന്റെ രാജ്കമല്‍ ഇന്റര്‍നാഷണലും മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ആക്ഷന്‍ അന്‍ബറിവും.